ആലപ്പുഴ> പാർടിക്ക് നിരക്കാത്ത പ്രവർത്തന– ജീവിത ശൈലികളുമായി ആര് മുന്നോട്ട് പോയാലും കർശന നടപടി സ്വീകരിക്കുമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. സിപിഐ എമ്മിന് അതിന് കഴിയും. ഒരുപാട് വൈകല്യങ്ങൾ നിലനിൽക്കുന്ന സമൂഹത്തിൽ പ്രവർത്തിക്കുമ്പോൾ അത് പ്രവർത്തകരെയും ബാധിച്ചെന്നുവരാം. അത് തെളിഞ്ഞാൽ തിരുത്തുമെന്നും അദ്ദേഹം മാരാരിക്കുളം കസ്തൂർബ കടപ്പുറത്ത് സിപിഐ എമ്മിന്റെ ഭവനസന്ദർശനത്തിനിടെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിൽ ഉയർന്ന ആരോപണത്തിൽ നടപടി ആരംഭിച്ചു. രാജ്യത്താകെ പാർടിയിൽ വരുത്തേണ്ട തിരുത്തലുകൾ പാർടി കോൺഗ്രസ് ചർച്ച ചെയ്തിരുന്നു. ഇതിന്റെ പുതിയഘട്ടം 28ന് കൊൽക്കത്തയിൽ കേന്ദ്രകമ്മിറ്റി ചർച്ചചെയ്യും. അതെല്ലാക്കാലത്തും പാർടി തുടരും.
പരമ്പരാഗത വ്യവസായ മേഖലയുമായി ബന്ധപ്പെട്ട് ഭവനസന്ദർശനത്തിനിടെ ഉയർന്ന പ്രശ്നങ്ങൾ മന്ത്രി പി രാജീവുമായി സംസാരിച്ചു. ശ്രദ്ധയോടെ ഈ പ്രശ്നങ്ങൾ കൈകാര്യംചെയ്യുമെന്നും കയർമേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ ഐഐടിയിലെ വിദഗ്ധർ ഉൾപ്പെടുന്ന സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിട്ടുണ്ട്. മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ദീർഘകാലത്തേക്ക് ഗുണകരമാകുന്ന രീതിയിൽ കയർമേഖലയെ പുനഃസംഘടിപ്പിക്കും.
മേഖല പ്രതിസന്ധിയിലേക്ക് നീങ്ങാനുള്ള കാരണങ്ങളെല്ലാം സംസ്ഥാനത്തിന് ഒറ്റയ്ക്ക് പരിഹരിക്കാനാവില്ല. സർക്കാരിന്റെ നല്ല ഇടപെടൽ മന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്. അടിയന്തര സ്വഭാവമുള്ള വിഷയത്തിൽ ഫണ്ട് അനുവദിക്കുമെന്നും എം എ ബേബി പറഞ്ഞു.