തിരുവനന്തപുരം
നിക്ഷേപ തട്ടിപ്പുകാരൻ പ്രവീൺ റാണയുമായുള്ള നേതാക്കളുടെ ബന്ധത്തിൽ പ്രതിസന്ധിയിലായി കോൺഗ്രസ്. കെപിസിസി പ്രസിഡന്റ് കെ സുധാകരനു പിന്നാലെ ഉമ്മൻ ചാണ്ടിക്കൊപ്പമുള്ള റാണയുടെ ചിത്രവും പുറത്തുവന്നു. ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കുന്ന ചിത്രമാണ് പുറത്തായത്. കെ സുധാകരന്റെ ഓഫീസിലെത്തി കാണുന്ന ചിത്രം നേരത്തേ പുറത്തുവന്നിരുന്നു.
നേതാക്കളുടെ ചിത്രം പുറത്തുവന്നത് കോൺഗ്രസിനുള്ളിലും ചർച്ചയ്ക്ക് തുടക്കമിട്ടിട്ടുണ്ട്. യൂത്ത് കോൺഗ്രസ് നേതാവ് കെ ശബരീനാഥനാണ് ആദ്യ വെടി പൊട്ടിച്ചത്. ആര് വിളിച്ചാലും ഏത് ചടങ്ങിനും പോകരുതെന്ന മുന്നറിയിപ്പാണ് ശബരീനാഥൻ ഫെയ്സ്ബുക്കിലൂടെ നൽകിയത്. എല്ലാ രാഷ്ട്രീയക്കാർക്കുമുള്ള മുന്നറിയിപ്പെന്ന നിലയിലാണ് കുറിപ്പെങ്കിലും ഉമ്മൻചാണ്ടിയെയും സുധാകരനെയും ലക്ഷ്യമിട്ടാണ് ഇതെന്നാണ് സംസാരം.
പുരാവസ്തു തട്ടിപ്പുകാരൻ മോൺസൻ മാവുങ്കലുമായുള്ള സുധാകരന്റെ ബന്ധം പുറത്തുവന്നത് നേരത്തേ വിവാദമായിരുന്നു. എ കെ ജി സെന്ററിനു നേരെ സ്ഫോടക വസ്തുവെറിഞ്ഞ കേസിലെ പ്രതികളുമായുള്ള ബന്ധവും തെളിഞ്ഞു. കേസിലെ പ്രതികളിലൊരാളെ ഭാരത് ജോഡോ യാത്ര നടക്കുന്നതിനിടെ സുധാകരൻ ഹോട്ടലിൽ ഒളിപ്പിച്ചതും വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് പ്രവീൺ റാണയുമായുള്ള ബന്ധവും പുറത്തായത്. യാദൃച്ഛിക കൂടിക്കാഴ്ചയെന്നു പറഞ്ഞൊഴിയുകയാണ് കെപിസിസി നേതൃത്വം. എന്നാൽ, എല്ലാ തട്ടിപ്പുകാരും സുധാകരന്റെ കൂടാരത്തിലെത്തുന്നത് എങ്ങനെയെന്നാണ് ഒരു മുതിർന്ന നേതാവിന്റെ സംശയം.
പ്രവീൺ റാണയ്ക്കൊപ്പമുള്ള ഉമ്മൻചാണ്ടിയുടെ ചിത്രം പുറത്തുവന്നതിനെക്കുറിച്ച് അദ്ദേഹമോ അടുത്ത കേന്ദ്രങ്ങളോ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. എന്നാൽ, കോൺഗ്രസിനുള്ളിൽ വരുംദിവസങ്ങളിൽ വിഷയം കൂടുതൽ ചർച്ചയാകുമെന്നാണ് നേതാക്കളുടെ സ്വകാര്യ പ്രതികരണങ്ങളിൽ വ്യക്തമാകുന്നത്.