തിരുവനന്തപുരം
മലയാളികളുടെ സംസ്കാരവും രാഷ്ട്രീയവും ഭാഷയും നിർവചിച്ച ദേശാഭിമാനിയുടെ എൺപതാം വാർഷികാഘോഷങ്ങളുടെ സമാപനം 18ന് വൈകിട്ട് 4.30ന് നിശാഗന്ധിയിൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ദേശാഭിമാനി പുരസ്കാരം ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണന് മുഖ്യമന്ത്രി പിണറായി വിജയൻ സമർപ്പിക്കും.
സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അധ്യക്ഷനാകും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ, മന്ത്രി വി ശിവൻകുട്ടി, ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ തുടങ്ങിയവർ സംസാരിക്കും. ചടങ്ങിൽ മുൻ ചീഫ് എഡിറ്റർമാർ, ജനറൽ മാനേജർമാർ, ജനറൽ എഡിറ്റർ എന്നിവരെ ആദരിക്കും. തുടർന്ന് പ്രൊജക്ട് മലബാറിക്കസ് നേതൃത്വത്തിൽ സിതാര കൃഷ്ണകുമാർ, ഹിഷാം അബ്ദുൾ വാഹാബ്, നിരഞ്ജ് സുരേഷ് എന്നിവർ നയിക്കുന്ന മ്യൂസിക് ഷോ, രാജേഷ് ചേർത്തലയുടെ ഇൻസ്ട്രുമെന്റൽ ഫ്യൂഷൻ, ലക്ഷ്മി ഗോപാലസ്വാമിയും സംഘവും അവതരിപ്പിക്കുന്ന നൃത്തം എന്നിവ അരങ്ങേറും.