കൊച്ചി
കേന്ദ്രസർക്കാർ ഭക്ഷ്യധാന്യവിഹിതം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷൻ എംപ്ലോയീസ് യൂണിയന്റെ (സിഐടിയു) നേതൃത്വത്തിൽ 156 താലൂക്ക് ഡിപ്പോകളുടെ മുന്നിലും പ്രകടനവും യോഗവും നടത്താൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലും ഹൈപ്പർ മാർക്കറ്റുകളിലും ബാർ കോഡുകൾ സ്കാൻ ചെയ്യാനുള്ള നിർദേശം നടപ്പാക്കാൻ നേരിടുന്ന പ്രായോഗികബുദ്ധിമുട്ടുകൾ പരിഹരിച്ച് ജനങ്ങൾക്ക് സബ്സിഡി സാധനങ്ങൾ ലഭ്യമാക്കണം, മെഡിക്കൽ ഷോപ്പുകൾ അടച്ചുപൂട്ടുന്ന നടപടികളിൽനിന്ന് മാനേജ്മെന്റ് പിന്മാറണം എന്നീ ആവശ്യങ്ങളും സംസ്ഥാന കമ്മിറ്റി ഉന്നയിച്ചു. താൽക്കാലിക പാക്കിങ് കരാർ ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കണം. ശമ്പളപരിഷ്കരണം തത്വത്തിൽ അംഗീകരിച്ച സർക്കാർ നടപടിയെ യോഗം സ്വാഗതം ചെയ്തു. യോഗത്തിൽ പ്രസിഡന്റ് എസ് ശർമ അധ്യക്ഷനായി. വർക്കിങ് പ്രസിഡന്റ് എൻ എ മണി, ജനറൽ സെക്രട്ടറി കെ ആർ ബൈജു എന്നിവർ സംസാരിച്ചു.