തിരുവനന്തപുരം
ഹൈക്കമാൻഡിന്റെ പച്ചക്കൊടിയും അനാവശ്യ ചർച്ച നിർത്തണമെന്ന എ കെ ആന്റണിയുടെ മുന്നറിയിപ്പും വന്നതോടെ ശശി തരൂരിനെതിരെ കെപിസിസി നിർവാഹക സമിതിയിൽ കൂട്ടായ്മ. പാർലമെന്റിലേക്കില്ലെന്ന ടി എൻ പ്രതാപന്റെ പ്രസ്താവനയും മുഖ്യമന്ത്രിയാകാൻ തയ്യാറെന്ന ശശി തരൂരിന്റെ അഭിപ്രായവും രൂക്ഷമായ വാഗ്വാദങ്ങൾക്കിടയാക്കി. എംപിമാരുടെ പ്രസ്താവനയുടെ മറവിലായിരുന്നു വിമർശമെങ്കിലും ലക്ഷ്യം തരൂരായിരുന്നു.
ആരും സ്വയംപ്രഖ്യാപനം നടത്തേണ്ടെന്ന് നേതാക്കൾ ഒന്നടങ്കം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പല്ലാതെ മറ്റൊരു തെരഞ്ഞെടുപ്പും ആരും ചർച്ചയാക്കേണ്ടെന്ന എ കെ ആന്റണിയുടെ ആമുഖം തരൂർ വിരുദ്ധർക്ക് ആവേശമായി. സ്ഥാനാർഥിത്വം കോൺഗ്രസ് തീരുമാനിക്കും. സ്വന്തം നിലയിലുള്ള പ്രഖ്യാപനം വച്ചുപൊറുപ്പിക്കേണ്ട. സമാന്തര പ്രഖ്യാപനം നടത്തിയാൽ തരൂരിനെ എങ്ങനെ നേരിടുമെന്നതിൽ രൂക്ഷമായ ആശയക്കുഴപ്പമാണ് നേതൃത്വത്തിനുള്ളത്. മുസ്ലിംലീഗടക്കമുള്ള ഘടകകക്ഷികളുടെ നിലപാട് തരൂരിന് അനുകൂലമാണെന്ന അപകടവും ചൂണ്ടിക്കാട്ടി.
പാർലമെന്റിലേക്കില്ലെന്നു പറഞ്ഞ പ്രതാപനെതിരെ പൊട്ടിത്തെറിച്ച സുധാകരൻ, അത്തരം നിലപാട് അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞു. ‘ഏറെക്കാലം ലോക്സഭയിലിരുന്നവർ പറഞ്ഞാൽ മനസ്സിലാകു’മെന്ന് കെ സി ജോസഫും. മുഖ്യമന്ത്രി സ്ഥാനമോഹികളെ തട്ടി നടക്കാനാകുന്നില്ലെന്നായിരുന്നു ഷാഫിയുടെ പരിഹാസം. മുഖ്യമന്ത്രിപദം നെറ്റിയിലൊട്ടിച്ച് സമുദായ നേതാക്കളെ കാണുന്നവരെ നിയന്ത്രിക്കാൻ ഇവിടെ ആരുമില്ലെന്നും ഷാഫി പറഞ്ഞു. പ്രതിപക്ഷ നേതാവിനെയടക്കം എൻഎസ്എസ് ജനറൽസെക്രട്ടറി ആക്ഷേപിച്ചിട്ടും ആരും ചോദിക്കാനില്ലാത്തത് പാർടിയെ നാണം കൊടുത്തിയെന്ന് കരകുളം കൃഷ്ണപിള്ള പറഞ്ഞു. വി പ്രതാപചന്ദ്രന്റെ മക്കളുടെ പരാതി പരിഹരിക്കാൻ ഇടപെടണമെന്നും ആവശ്യമുയർന്നു.
അഞ്ചുവർഷം പ്രവർത്തിച്ചവരെ മാറ്റിനിർത്താനുള്ള നീക്കവും പൊളിഞ്ഞു. കഴിവ് നോക്കി പരിഗണിക്കാമെന്നായി. 137 രൂപ ചലഞ്ച് വിജയിച്ചില്ലെന്നും വീഴ്ചകളുണ്ടായെന്നും സമ്മതിച്ച സുധാകരൻ അതിന് ബാങ്കിനെ പഴിച്ചു. 138 രൂപ ചലഞ്ച് തുടങ്ങാനും തീരുമാനിച്ചു.
നേതൃത്വത്തിന് മറുപടിയുമായി തരൂർ
കെപിസിസിയുടെ നിയന്ത്രണങ്ങൾക്ക് വഴങ്ങില്ലെന്ന കൃത്യമായ സൂചന നൽകി ശശി തരൂർ എംപി. കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി ആരാകണമെന്നതിലും നേതൃത്വത്തിന്റെ വിലക്ക് മറികടന്ന് അദ്ദേഹം വീണ്ടും അഭിപ്രായം പറഞ്ഞു. ‘മുഖ്യമന്ത്രിയാകാൻ താൽപ്പര്യമുണ്ടോ എന്ന് ചോദിച്ചാൽ ഇല്ലെന്ന് പറയാനാകില്ലെ’ന്ന് വ്യാഴാഴ്ച മലപ്പുറത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി. ‘നാളെയെക്കുറിച്ച് ചിന്തിക്കൂ, തരൂരിനെക്കുറിച്ച് ചിന്തിക്കൂ എന്നായിരുന്നു കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ മുദ്രാവാക്യം. ആ ചിന്ത നിയമസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചും ഉണ്ടെ’’ന്നും- തരൂർ പറഞ്ഞു. ‘‘അനാവശ്യ വിവാദങ്ങൾക്ക് ശ്രമിച്ചിട്ടില്ല.
കോൺഗ്രസ് ഭാരവാഹിയോഗത്തിൽ അങ്ങനെയൊരു അഭിപ്രായമുണ്ടായതിൽ തനിക്ക് ഉത്തരവാദിത്വമില്ല. കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ചശേഷം ചിലർ വേറെരീതിയിലാണ് കാണുന്നത്. സമുദായ നേതാക്കൾ ക്ഷണിച്ചിട്ടാണ് അവരെ കാണാൻ പോയത്. രാഷ്ട്രീയ, സമുദായ നേതാക്കളെ കാണുക മാത്രമല്ല, മറ്റ് സംഘടനകളുടെ പരിപാടികളിൽ പങ്കെടുക്കുന്നുമുണ്ട്. അത് ഇനിയും തുടരു’മെന്നുമായിരുന്നു- കെപിസിസി നേതൃത്വത്തിനുള്ള തരൂരിന്റെ മറുപടി.