തിരുവനന്തപുരം
പാർലമെന്റിൽനിന്ന് മടങ്ങണമെന്ന കോൺഗ്രസ് എംപിമാരുടെ കൂട്ടക്കരച്ചിലിന് പിന്നിൽ ബിജെപിയോട് ഏറ്റുമുട്ടാനുള്ള ഭയം. പൊതുസമൂഹത്തിലുൾപ്പെടെ വലിയ ചർച്ചയായിക്കഴിഞ്ഞ എംപിമാരുടെ പിന്മാറ്റത്തെച്ചൊല്ലി കോൺഗ്രസിൽ വൻ ആശയക്കുഴപ്പം.
രാഹുൽഗാന്ധിയടക്കം 17 കോൺഗ്രസ് എംപിമാർ പാർലമെന്റിലേക്ക് വിജയിച്ചിട്ടും രാജ്യമാകെ നീറിപ്പിടിച്ച വിഷയങ്ങളിലുൾപ്പെടെ ഇവർ ‘നിശ്ശബ്ദ’രായിരുന്നു. അതിന്റെ ജാള്യവും ‘ഞങ്ങൾക്ക് കേരളം മതി’യെന്ന കൂട്ടക്കരച്ചിലിന് പിന്നിലുണ്ട്. ബിജെപിക്കെതിരെ പോരാടുമെന്ന് വാക്കുനൽകിയാണ് കേരളത്തിലെ 19 മണ്ഡലത്തിൽനിന്നും യുഡിഎഫ് പ്രതിനിധികൾ ജയിച്ചു പോയത്. എന്നാൽ, നിർണായക ഘട്ടങ്ങളിൽ പോലും ഇവരാരും ഒരിടപെടലും നടത്തിയില്ല. ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നതും ഭരണഘടനയെതന്നെ അട്ടിമറിക്കുന്നതുമായ പല തീരുമാനങ്ങളുണ്ടായപ്പോഴും മിണ്ടിയില്ല. അതേസമയം, കേരളത്തിനെതിരെ പറയാൻ കിട്ടിയ ഒരവസരവും വിട്ടുകളഞ്ഞില്ല; ‘എസ്എഫ്ഐയെ നിരോധിക്കണ’മെന്നുവരെ ചിലർ പാർലമെന്റിൽ ആവശ്യപ്പെട്ടു.
രാമക്ഷേത്രനിർമാണം, പൗരത്വ ബില്ല്, കശ്മീർ വിഭജനം, ഗവർണർമാരുടെ വേട്ടയാടൽ, പൊതുമേഖല വിറ്റഴിക്കൽ, ഹിന്ദി അടിച്ചേൽപ്പിക്കൽ തുടങ്ങി അനവധി ജനവിരുദ്ധവിഷയങ്ങളുണ്ടായപ്പോഴൊന്നും കേരളത്തിൽനിന്നുള്ള കോൺഗ്രസ് എംപിമാർ മൗനംവെടിഞ്ഞില്ല. ഭരണഘടനാ, ജനാധിപത്യ ഫെഡറൽ തത്വങ്ങളെ അട്ടിമറിച്ച് തീരുമാനങ്ങൾ എടുക്കുമ്പോഴും നോക്കുകുത്തികളായി.
ഏറ്റവുമൊടുവിൽ ഏകീകൃത സിവിൽ കോഡ് സ്വകാര്യ ബില്ല് വന്നപ്പോഴും കേരളത്തിന് തന്നെ നാണക്കേടുണ്ടാക്കും വിധം കോൺഗ്രസ് എംപിമാർ രാജ്യസഭയിൽനിന്ന് വിട്ടുനിന്നു. മുസ്ലിംലീഗ് എംപി അബ്ദുൾവഹാബിനുപോലും ഇതിനെതിരെ പരസ്യമായി പ്രതിഷേധിക്കുകയും ലീഗ് നേതൃത്വം ആശങ്ക പ്രകടിപ്പിക്കുകയുംചെയ്തു. കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നതും വികസന പദ്ധതികൾ തടഞ്ഞുവയ്ക്കുന്ന തീരുമാനങ്ങളുണ്ടായിട്ടും സംസ്ഥാനത്തിനുവേണ്ടി രംഗത്തുവന്നില്ല. ഹാജർനിലയിലും കോൺഗ്രസ് എംപി മാരാണ് പിന്നിൽ.
അതിനിടെ, ഒടുവിൽ മടക്കം പ്രഖ്യാപിച്ചത് ടി എൻ പ്രതാപനാണ്. അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, ബെന്നി ബെഹനാൻ, രാജ്മോഹൻ ഉണ്ണിത്താൻ തുടങ്ങി ഭൂരിപക്ഷം കോൺഗ്രസ് എംപി മാരും നേരത്തേ ‘ക്യൂ’ വിലുണ്ട്.