തൃശൂർ
സേഫ് ആൻഡ് സ്ട്രോങ് നിധി സാമ്പത്തിക തട്ടിപ്പുകേസിൽ മുഖ്യപ്രതി പ്രവീൺ റാണയുടെ അറസ്റ്റ് രേഖപ്പെടുത്തി. ബുധനാഴ്ച പകൽ പൊള്ളാച്ചിയിലെ ദേവരായപുരത്തെ കരിങ്കൽ ക്വാറിയിലെ ഷെഡിൽനിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. വഞ്ചന, നിയമവിരുദ്ധമായി നിക്ഷേപം ശേഖരിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഒളിവിൽ കഴിഞ്ഞിരുന്ന റാണ വെള്ളിയാഴ്ച എറണാകുളത്തെ ഫ്ലാറ്റിൽനിന്ന് പൊലീസിനെ കബളിപ്പിച്ച് മുങ്ങിയിരുന്നു. ശനിയാഴ്ച പുലർച്ചെ വാളയാർവഴി പൊള്ളാച്ചിയിലെത്തി. നാലുദിവസം ഇവിടെ ഒളിവിൽ കഴിഞ്ഞു. മറ്റൊരു ഫോണുപയോഗിച്ച് ഭാര്യയെ വിളിച്ചപ്പോഴാണ് കുടുങ്ങിയത്. ബുധനാഴ്ച രാത്രി സിറ്റി പൊലീസിന്റെ പ്രത്യേക അന്വേഷകസംഘം ഇയാളെ തൃശൂരിലെത്തിച്ചു. പിടികൂടുമ്പോൾ 1000 രൂപമാത്രമാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്.
വ്യാഴം പകൽ 12.50ന് മെഡിക്കൽ പരിശോധനയ്ക്കായി കോർപറേഷൻ ജനറൽ ആശുപത്രിയിലെത്തിച്ചു. തന്റെ അക്കൗണ്ടുകളിൽ ചില്ലിക്കാശില്ലെന്നും വിവാഹമോതിരം പണയംവച്ച തുക ഉപയോഗിച്ചാണ് പൊള്ളാച്ചിയിൽ കഴിഞ്ഞിരുന്നതെന്നും റാണ പൊലീസിനോട് പറഞ്ഞു. മുംബൈയിലെ അധോലോകരാജാവ് വരദരാജ മുതലിയാരുടെ അക്കൗണ്ടന്റിന്റെ അടുത്ത ബന്ധു ഷൗക്കത്തലിക്ക് 16 കോടി രൂപ വായ്പ നൽകിയിട്ടുണ്ട്. ഇതിൽനിന്ന് കുറച്ച് തുക തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടും ലഭിക്കാതെ വന്നപ്പോഴാണ് വിവാഹമോതിരം പണയം വച്ചതെന്നും റാണ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ റാണയെ തൃശൂർ രണ്ടാം ക്ലാസ് ജഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.