ന്യൂഡൽഹി
ഉത്തരാഖണ്ഡിലെ ജോഷിമഠിൽ സംസ്ഥാന ബിജെപി സർക്കാരിനെതിരായ പ്രതിഷേധം തുടരുന്നതിനിടെ വിള്ളൽ വീണ് അപകടാവസ്ഥയിലായ കെട്ടിടങ്ങൾ പൊളിച്ചുനീക്കി തുടങ്ങി. മലാരി ഇൻ, മൗണ്ട് വ്യൂ എന്നീ ഹോട്ടലുകളാണ് ആദ്യം പൊളിക്കുന്നത്. വ്യാഴാഴ്ച വൈകിട്ടോടെ മലാരി ഇൻ പൊളിച്ചുതുടങ്ങിയെങ്കിലും മോശം കാലാവസ്ഥ കാരണം നിർത്തിവച്ചു. കർണപ്രയാഗിലും ഒഴിപ്പിക്കൽ നടപടികൾക്ക് തുടക്കമായി.
ജനകീയ പ്രതിഷേധം ശക്തിപ്പെട്ടതോടെ ജോഷിമഠിനായി 45 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. 3000 കുടുംബങ്ങൾക്ക് ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി അറിയിച്ചു. പൊളിച്ചുകളയേണ്ടി വരുന്ന കെട്ടിടങ്ങളുടെ നഷ്ടപരിഹാരം നിശ്ചയിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു.
വീടുവിട്ടത് 169 കുടുംബം
ജോഷിമഠിൽ169 കുടുംബങ്ങളിലായി 589 പേരെ പുനരധിവസിപ്പിച്ചു. ജോഷിമഠിന് പുറത്ത് മറ്റെവിടെയെങ്കിലും മാറിത്താമസിക്കുന്നതിനോട് നാട്ടുകാർ വിസമ്മതിക്കുകയാണ്.മലയിൽ ജീവിക്കുന്നവരാണെന്നും സമതലങ്ങളിലേക്ക് പോകാനാകില്ലെന്നുമാണ് നിലപാട്.
സൈനിക ക്യാമ്പിലെ കെട്ടിടങ്ങളിലും വിള്ളൽ
ജോഷിമഠിലെ കരസേനാ ക്യാമ്പിലെ കെട്ടിടങ്ങൾക്കും ഭൂമി ഇടിഞ്ഞുതാഴലിനെ തുടർന്ന് വിള്ളൽ. 28 കെട്ടിടത്തിനാണ് വിള്ളൽ. ഇവിടെയുള്ള സൈനികരെ മറ്റ് കെട്ടിടങ്ങളിലേക്ക് മാറ്റി. ആവശ്യമെങ്കിൽ ഇവരെ സമീപത്തുള്ള ഔലി ക്യാമ്പിലേക്ക് മാറ്റും. കരസേനാ ദിനത്തിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ സേനാ മേധാവി ജനറൽ മനോജ് പാണ്ഡെയാണ് വിള്ളൽ വീണതായി സ്ഥിരീകരിച്ചത്.
ഇന്ത്യാ–-ചൈന അതിര്ത്തി റോഡുകളിലും വിള്ളൽ വീണിട്ടുണ്ട്. ബോർഡർ റോഡ്സ് ഓർഗനൈസേഷൻ റോഡുകളുടെ അറ്റകുറ്റപ്പണി നടത്തിവരികയാണ്. എന്നാൽ അതിർത്തിയിലേക്കുള്ള സൈന്യത്തിന്റെ സഞ്ചാരത്തിന് തടസ്സമില്ല. അതിർത്തിയിലേക്ക് ബദൽ പാതകള് സൈന്യത്തിനുണ്ട്. ജോഷിമഠിൽ വീടുകളിൽനിന്ന് ഒഴിയേണ്ടി വരുന്നവർക്കായി സൈന്യവും ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്.
ചൈനാ അതിർത്തിയോട് ചേർന്ന മേഖലയായതിനാൽ ജോഷിമഠിലെ സൈനിക ക്യാമ്പ് ഏറെ തന്ത്രപ്രധാനമാണ്. അതിർത്തിയിലേക്കുള്ള സൈനികരുടെ നീക്കവും മറ്റും ഈ ക്യാമ്പ് കേന്ദ്രീകരിച്ചാണ്. ജോഷിമഠ്–- മലാരി അതിർത്തിറോഡിലാണ് വിള്ളല് പ്രത്യക്ഷമായത്. അതിർത്തിയിലേക്കുള്ള നീക്കങ്ങൾക്കായി സൈന്യം കൂടുതലായി ആശ്രയിക്കുന്ന റോഡാണിത്. സമീപകാലത്ത് യുഎസ് സൈന്യവുമായി ചേർന്ന് ഇന്ത്യൻ സൈന്യം യുദ്ധാഭ്യാസം നടത്തിയ ഔലി ക്യാമ്പും മറ്റും ജോഷിമഠിൽനിന്ന് ആറു കിലോമീറ്റര് മാത്രം അകലെയാണ്. ചൈനീസ് സൈന്യം പലപ്പോഴും കടന്നുകയറ്റം നടത്തുന്നുവെന്ന് ആരോപിക്കപ്പെടുന്ന ബരഹോട്ടിയിലേക്ക് ജോഷിമഠിൽനിന്ന് അമ്പത് കിലോമീറ്ററിൽ താഴെയാണ് ദൂരം.