കൊച്ചി
മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കിൽ ലയിപ്പിക്കാനുള്ള നടപടികൾ സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു. ചട്ടങ്ങൾ പാലിച്ചുമാത്രമേ നടപടി സ്വീകരിക്കാവൂ എന്ന മുൻ ഉത്തരവ് നിലവിലുള്ളതിൽ സ്റ്റേ അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ലയന നടപടികൾ ഹർജികളുടെ തീർപ്പിന് വിധേയമായിരിക്കും. സഹകരണനിയമത്തിലെ വ്യവസ്ഥകൾക്ക് അനുസൃതമാണ് സഹകരണ രജിസ്ട്രാർ കൈക്കൊണ്ട ലയന നടപടികളെന്നും കോടതി വ്യക്തമാക്കി.
മലപ്പുറം ജില്ലാ ബാങ്കിനെ ലയിപ്പിക്കാൻ സർക്കാർ കൊണ്ടുവന്ന കേരള സഹകരണ നിയമഭേദഗതി കേന്ദ്ര ബാങ്കിങ് നിയന്ത്രണനിയമത്തിലെ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നായിരുന്നു വാദം. അംഗസംഘങ്ങൾക്ക് സഹകരണ രജിസ്ട്രാർ നൽകിയ കത്തിന്റെ നിയമസാധുതയും ചോദ്യംചെയ്തു. മലപ്പുറം ജില്ലാ ബാങ്ക് പ്രസിഡന്റും മുസ്ലിംലീഗ് എംഎൽഎയുമായ യു എ ലത്തീഫും ജില്ലയിലെ 93 പ്രാഥമിക സഹകരണ സംഘങ്ങളുമാണ് ഹർജിക്കാർ.
എന്നാൽ, സംസ്ഥാനങ്ങൾക്കുമാത്രം നിയമനിർമാണത്തിന് അധികാരമുള്ള വിഷയത്തിൽ കേന്ദ്രനിയമത്തിന്റെ സാധുത പരിഗണിക്കേണ്ടതില്ലെന്ന് സർക്കാർ വിശദീകരിച്ചു. നിയമപരമായ വിഷയങ്ങൾ പിന്നീട് പരിശോധിക്കുമെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് വി ജി അരുൺ വ്യക്തമാക്കി. നിയമാനുസൃതമുള്ള രജിസ്ട്രാറുടെ നടപടികളിൽ കോടതി ഇടപെടരുതെന്നും റിസർവ് ബാങ്കുമായി കൂടിയാലോചിച്ചാണ് ലയന നടപടികളെന്നും സർക്കാർ വിശദീകരിച്ചു.
ത്രിതല വായ്പാസംവിധാനത്തിൽനിന്ന് ദ്വിതലത്തിലേക്ക് മാറാനാണ് ജില്ലാ ബാങ്കുകളെ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിച്ചത്. മലപ്പുറം ഒഴികെയുള്ള ജില്ലാ സഹകരണ ബാങ്കുകൾ ഇതിന് അനുകൂലമായി പ്രമേയം പാസാക്കി കേരള ബാങ്കിൽ ലയിച്ചു. രാഷ്ട്രീയകാരണങ്ങളാൽ മലപ്പുറം, കോടതിയെ സമീപിക്കുകയായിരുന്നു. സർക്കാരിനുവേണ്ടി അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പ്, സ്പെഷ്യൽ ഗവ. പ്ലീഡർ പി പി താജുദീൻ എന്നിവർ ഹാജരായി.