കാസർകോട്
മഞ്ചേശ്വരത്ത് ബിഎസ്പി സ്ഥാനാർഥി കെ സുന്ദരയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി നാമനിർദേശപത്രിക പിൻവലിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ടാൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് ആജീവനാന്ത തെരഞ്ഞെടുപ്പ് വിലക്കുണ്ടാകും. ഒന്നാം പ്രതിയായ ഇദ്ദേഹത്തിനും മറ്റ് അഞ്ച് ബിജെപി നേതാക്കൾക്കുമെതിരെ ശക്തമായ തെളിവാണ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിലുള്ളത്.
ഭീഷണിപ്പെടുത്തി നാമനിർദേശപത്രിക പിൻവലിപ്പിച്ചാൽ ആജീവനാന്ത തെരഞ്ഞെടുപ്പുവിലക്കും ഒരുവർഷംവരെ തടവുമാണ് ശിക്ഷ (ഇന്ത്യൻ ശിക്ഷാ നിയമം 171 ബി, ഇ വകുപ്പുകൾ).
പട്ടികജാതിവിഭാഗക്കാരനായ സുന്ദരയെ അന്യായമായി തടങ്കലിൽവച്ചതിന് പട്ടികജാതി–-പട്ടികവർഗ അതിക്രമം തടയൽ വകുപ്പനുസരിച്ച് അഞ്ചുവർഷംവരെ തടവും ലഭിക്കാം. അന്വേഷകസംഘം ആവശ്യപ്പെട്ടിട്ടും മൊബൈൽ ഫോൺ ഹാജരാക്കാതെ തെളിവ് നശിപ്പിച്ച കുറ്റവുമുണ്ട്.
സുന്ദര, അമ്മ ബേഡ്ജി, ബന്ധു അനുശ്രീ എന്നിവർ നൽകിയ രഹസ്യമൊഴിയും കുരുക്കാകും. 1,200 പേജുള്ള കുറ്റപത്രത്തിൽ 190 സാക്ഷിമൊഴിയുണ്ട്. മൊബൈൽഫോൺ സംഭാഷണം, സന്ദേശം, സിസിടിവി ദൃശ്യം എന്നിവയുമുണ്ട്. കുറ്റപത്രം ജില്ലാ പ്രിൻസിപ്പൽ ആൻഡ് സെഷൻസ് കോടതി പരിശോധിച്ച് ഫയലിൽ സ്വീകരിക്കും. തുടർന്ന്, പ്രതികൾക്ക് വാറണ്ട് അയക്കും. കോടതിയിൽ ഹാജരാകുന്ന സുരേന്ദ്രനടക്കമുള്ള പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും.