പയ്യോളി> ബിജെപി തിക്കോടി പഞ്ചായത്ത് കമ്മിറ്റി പിരിച്ചുവിട്ട ജില്ലാ പ്രസിഡന്റിന്റെ നടപടിയിൽ പ്രതിഷേധിച്ച് മണ്ഡലം കമ്മിറ്റിയിൽ വീണ്ടും രാജി. കമ്മിറ്റി അംഗങ്ങളായ അഡ്വ. എ വി സുനിൽകുമാർ, കെ കെ ദിവാകരൻ, ബിൻസി ഷാജി, കർഷക മോർച്ച മണ്ഡലം സെക്രട്ടറി പി ബാലചന്ദ്രൻ എന്നിവരാണ് രാജിവച്ചത്.
പിരിച്ചുവിട്ട നടപടി പിൻവലിക്കാനോ ചർച്ചചെയ്യാനോ നേതൃത്വം തയ്യാറാകുന്നില്ലെങ്കിൽ ശക്തമായ പ്രതിഷേധവും കൂട്ടരാജിയും ഉണ്ടാകുമെന്ന് രാജിവച്ചവർ പറഞ്ഞു. മണ്ഡലം വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ച പിലാച്ചേരി വിശ്വനാഥന് പ്രവർത്തകർക്കിടയിലുള്ള സ്വാധീനം ഔദ്യോഗികപക്ഷത്തിന് തലവേദന സൃഷ്ടിക്കുന്നു. ബൂത്ത് തലങ്ങളിൽ പ്രവർത്തകർ ചോർന്നുപോകുന്നത് കനത്ത ക്ഷീണമാകുന്നുണ്ട്.