കൊൽക്കത്ത
ഗുവാഹത്തിയിലെ മഞ്ഞുവീഴ്ചയിലും റൺചൂടായിരുന്നു. കൊൽക്കത്തയിലെത്തുമ്പോഴും റണ്ണടി തുടരാമെന്ന കണക്കുകൂട്ടലിലാണ് ഇന്ത്യ. കൊൽക്കത്ത ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ ശ്രീലങ്കയുമായുള്ള രണ്ടാം ഏകദിനത്തിന് ഇറങ്ങുകയാണ് രോഹിത് ശർമയും കൂട്ടരും. ജയിച്ചാൽ പരമ്പര സ്വന്തമാക്കാം.
ഗുവാഹത്തിയിലെ ജയം ഇന്ത്യക്ക് ആത്മവിശ്വാസം നൽകുന്നതാണ്. മുൻനിര ബാറ്റർമാരെല്ലാം ശോഭിച്ചു. വിരാട് കോഹ്ലി തകർപ്പൻ സെഞ്ചുറി കുറിച്ചു. കൂറ്റൻ സ്കോറും നേടി. എന്നാൽ, ബൗളിങ്ങിൽ ആ ആത്മവിശ്വാസമില്ല. 4–-136 എന്ന നിലയിൽ ഒരുഘട്ടത്തിൽ തകർന്ന ലങ്ക അവസാനം മുന്നൂറ് കടന്നു.
ക്യാപ്റ്റൻ ദസുൺ ഷനകയുടെ സെഞ്ചുറിയിലായിരുന്നു ലങ്കയുടെ പോരാട്ടം. പിച്ചിലെ മഞ്ഞുവീഴ്ച ബൗളർമാരെ ബാധിച്ചു. കൊൽക്കത്തയിലും കനത്ത മഞ്ഞുവീഴ്ചയുണ്ട്. ഗുവാഹത്തിയിൽ ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുക്കാനുള്ള തീരുമാനത്തിനുപിന്നിൽ മഞ്ഞായിരുന്നു. എന്നാൽ, ഇന്ത്യൻ ബാറ്റർമാർ ആദ്യഘട്ടത്തിൽ തകർത്തടിച്ചതോടെ ലങ്കയുടെ പദ്ധതി പാളി. ഇന്ന് ടോസ് കിട്ടുന്ന ടീം ബൗളിങ് തെരഞ്ഞെടുക്കാനായിരിക്കും ശ്രമിക്കുക.
ഇന്ത്യൻ നിരയിൽ മാറ്റമുണ്ടായേക്കില്ല. അവസാന കളിയിൽ ഇരട്ടസെഞ്ചുറിയടിച്ച ഇഷാൻ കിഷന് അവസരം നൽകണമെന്ന് ആവശ്യം ഉയരുന്നുണ്ടെങ്കിലും മികച്ച ഫോമിൽ കളിക്കുന്ന ശുഭ്മാൻ ഗില്ലിനെ നിലനിർത്താനാണ് സാധ്യത. ഗിൽ ആദ്യ ഏകദിനത്തിൽ 60 പന്തിൽ 70 റണ്ണാണ് നേടിയത്. ബൗളർമാരിൽ പേസർ ഉമ്രാൻ മാലിക് മികച്ച രീതിയിലാണ് പന്തെറിയുന്നത്. ലങ്കൻ നിരയിൽ ദിൽഷൻ മധഷങ്കയ്ക്ക് പകരം ലാഹിരു കുമാര കളിച്ചേക്കും. ദുനിത് വെല്ലാലെഗയ്ക്ക് പകരം മഹീഷ് തീക്ഷണയും കളിക്കാൻ സാധ്യതയുണ്ട്.
ഇന്ത്യൻ ടീം–-രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാൻ മാലിക്, യുശ്വേന്ദ്ര ചഹാൽ.
ശ്രീലങ്കൻ ടീം–-പതും നിസ്സങ്ക, അവിഷ്ക ഫെർണാണ്ടോ, കുശാൽ മെൻഡിസ്, ചരിത് അസലങ്ക, ധനഞ്ജയ ഡി സിൽവ, ദസുൺ ഷനക, വണീന്ദു ഹസരങ്ക, മഹീഷ് തീക്ഷണ, ചാമിക കരുണരത്നെ, കസുൺ രജിത, ലാഹിരു കുമാര.