ലണ്ടൻ
ബഷീർ, തകഴി സാഹിത്യങ്ങളെ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി ലോകത്തിന്പരിചയപ്പെടുത്തിയ വിശ്രുതഭാഷാ ശാസ്ത്രഞ്ജൻ പ്രൊഫ. റൊണാൾഡ് ഇ ആഷർ (96) അന്തരിച്ചു. ബ്രിട്ടീഷ് ഭാഷാശാസ്ത്രജ്ഞനും തർജമകാരനും ദ്രാവിഡ ഭാഷാ അധ്യാപകനും വ്യാകരണ ഗ്രന്ഥ രചയിതാവുമാണ്. സ്കോട്ലാൻഡിലെ എഡിൻബർഗിലാണ് അന്ത്യമെന്ന് മകൻ ഡോ. ഡേവിഡ് ആഷർ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
മലയാളവും തമിഴുമുൾപ്പെടെയുള്ള ദ്രാവിഡഭാഷകളെപ്പറ്റി പഠിക്കാനാണ് അദ്ദേഹം ദക്ഷിണേന്ത്യയിലെത്തിയത്. ബഷീർ, എസ് കെ പൊറ്റെക്കാട്ട്, ജോസഫ് മുണ്ടശ്ശേരി, എം ടി വാസുദേവൻ നായർ, എൻ പി മുഹമ്മദ്, സി രാധാകൃഷ്ണൻ, സുകുമാർ അഴീക്കോട് തുടങ്ങിയവരുമായി സൗഹൃദത്തിലായി. ടി സി കുമാരിയുമായി ചേർന്ന് ഇംഗ്ലീഷിലെഴുതിയ “മലയാളവ്യാകരണം’ പ്രശസ്തമാണ്. തകഴിയുടെ തോട്ടിയുടെ മകൻ ‘സ്കാവഞ്ചേഴ്സ് സൺ’ എന്ന പേരിൽ മൊഴിമാറ്റി. ബഷീറിന്റെ ‘ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു’, ബാല്യകാലസഖി, പാത്തുമ്മയുടെ ആട് എന്നിവ ഒറ്റപുസ്തകമാക്കി Me Grand dad ‘Ad An Elephant’ എന്ന പേരിൽ എഡിൻബറോ സർവകലാശാല പ്രസ് പ്രസിദ്ധീകരിച്ചു. കെ പി രാമനുണ്ണിയുടെ സുഫി പറഞ്ഞ കഥയും തർജമ ചെയ്തു.
1926ൽ ഇംഗ്ലണ്ടിലെ കർഷകകുടുംബത്തിലാണ് ജനിച്ചത്. ലണ്ടൻ സർവകലാശാലയിൽ എംഎയും ഫ്രഞ്ച് നവോത്ഥാന സാഹിത്യത്തിൽ ഡോക്ടറൽ പഠനവും പൂർത്തിയാക്കി. അവിടെത്തന്നെ സ്കൂൾ ഓഫ് ഓറിയന്റൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസിൽ ലക്ചററായിരുന്നു. 2013ൽ ജൂണിലാണ് അവസാനമായി കേരളത്തിൽ എത്തിയത്.