ന്യൂഡൽഹി
ആയിരം വർഷമായി യുദ്ധത്തിലായിരുന്ന രാജ്യത്തെ ‘ഹിന്ദുസമൂഹം’ ഉണർന്നെന്നും ‘ആധിപത്യ ചിന്ത’ വെടിഞ്ഞാൽ മുസ്ലിങ്ങൾക്ക് ഇവിടെ സുരക്ഷിതരായി കഴിയാമെന്നും ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്. യുദ്ധത്തിൽ ‘ആക്രമണങ്ങൾ’ സ്വാഭാവികമാണ്. വൈദേശിക കടന്നാക്രമണങ്ങൾക്കും സ്വാധീനത്തിനും ഗൂഢാലോചനകൾക്കും എതിരായി യുദ്ധം തുടരണമെന്നും ഭാഗവത് പറഞ്ഞു. ആർഎസ്എസ് പ്രസിദ്ധീകരണങ്ങളുടെ എഡിറ്റർമാർക്ക് നൽകിയ അഭിമുഖത്തിലാണ് ഭാഗവത് വർഗീയവിദ്വേഷ പരാമർശങ്ങൾ നടത്തിയത്.
ഹിന്ദുധർമത്തെയും സംസ്കാരത്തെയും സംരക്ഷിക്കാനുള്ള യുദ്ധത്തിന്റെ വക്കിലാണ് ‘ഹിന്ദുസമൂഹമെന്ന്’ ഭാഗവത് അവകാശപ്പെട്ടു. പുറത്തുനിന്നുള്ള ശത്രുക്കൾക്ക് എതിരായല്ല ഈ യുദ്ധം; അകത്തുള്ള ശത്രുക്കൾക്കുനേരെയാണ്. വിദേശ കടന്നുകയറ്റക്കാർ ഇപ്പോൾ ഇവിടെയില്ല. എന്നാൽ, വിദേശ സ്വാധീനവും ഗൂഢാലോചനകളും തുടരുന്നു. ഇതിനെതിരായ യുദ്ധത്തിൽ അത്യാവേശം പ്രകടമായേക്കാം. അത് അഭിലഷണീയമല്ലെങ്കിലും പ്രകോപനപരമായ പ്രസ്താവനകൾ ഉണ്ടാകുന്നു.
ഹിന്ദുസ്ഥാൻ ഹിന്ദുസ്ഥാനായി തുടരണം. ഇവിടെ മുസ്ലിങ്ങൾ കഴിയുന്നതിൽ കുഴപ്പമില്ല. പൂർവികരുടെ വിശ്വാസത്തിലേക്ക് മടങ്ങാൻ അവർ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അങ്ങനെയാകാം. അക്കാര്യത്തിൽ ഹിന്ദുക്കൾക്ക് കടുംപിടിത്തമില്ല. അതേസമയം, മുസ്ലിങ്ങൾ അവർ ‘കേമന്മാരാണെന്ന’ ചിന്ത ഉപേക്ഷിക്കണം. തങ്ങൾ ഉന്നതരാണ്, ഇവിടെ ഭരിച്ചവരാണ്, തങ്ങൾ വ്യത്യസ്തരാണ്–- ഇത്തരം ചിന്തകൾ എല്ലാവരും ഉപേക്ഷിക്കണമെന്ന് -ഭാഗവത് പറഞ്ഞു.
ദൈനംദിന രാഷ്ട്രീയത്തിൽനിന്ന് ആർഎസ്എസ് ബോധപൂർവം മാറിനിൽക്കുമ്പോൾത്തന്നെ ദേശീയ നയങ്ങളെയും ഹിന്ദുതാൽപ്പര്യങ്ങളെയും ബാധിക്കുന്ന രാഷ്ട്രീയത്തിൽ താൽപ്പര്യമുണ്ടെന്ന് ഭാഗവത് പ്രതികരിച്ചു. മുമ്പ് സ്വയംസേവകർ രാഷ്ട്രീയ അധികാരത്തിന് പുറത്തായിരുന്നു. ഇപ്പോൾ അതല്ല സ്ഥിതി. ഒരു രാഷ്ട്രീയ പാർടി വഴിയാണ് സ്വയംസേവകർ ഈ സ്ഥാനങ്ങളിൽ എത്തിയത്. അവർ ചെയ്യുന്ന കാര്യങ്ങളിൽ ആർഎസ്എസിന് ഉത്തരവാദിത്വമുണ്ട്. സ്വയംസേവകർ അധികാരത്തിൽ ഇല്ലാതിരുന്ന സമയത്തും ഞങ്ങളുടെ അഭിപ്രായം കേട്ടവരുണ്ട്. പ്രണബ് മുഖർജി മന്ത്രിയായിരിക്കെ നേപ്പാൾ വിഷയങ്ങളിൽ ആർഎസ്എസിന്റെ ആശങ്കകൾ പതിവായി കേട്ടിരുന്നു–- ഭാഗവത് വെളിപ്പെടുത്തി.