എരുമേലി
എരുമേലിയിൽ ബുധനാഴ്ച അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങൾ പേട്ടതുള്ളി. സമൂഹ പെരിയോൻ എൻ ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള അമ്പലപ്പുഴ സംഘം പകൽ 11.45 ഓടെ എരുമേലി കൊച്ചമ്പലത്തിൽനിന്ന് പേട്ടതുള്ളൽ തുടങ്ങി. ഗജവീരൻമാരുടേയും ചെണ്ട, വാദ്യമേളങ്ങളുടേയും അകമ്പടിയോടെ എത്തിയ സംഘത്തെ എരുമേലി നൈനാർ പള്ളി കവാടത്തിൽ മഹല്ലാ മുസ്ലീം ജമാഅത്ത് ഭാരവാഹികൾ സ്വീകരിച്ചു. പെരിയസ്വാമിയെ പച്ച ഷാൾ അണിയിച്ചു. പള്ളിക്കുചുറ്റും വലംവച്ച് പേട്ടതുള്ളി എത്തിയ സംഘത്തോടൊപ്പം വാവര് പ്രതിനിധിയും വലിയമ്പലംവരെ അനുഗമിച്ചു. അമ്പലപ്പുഴ സംഘത്തോടൊപ്പം വാവര് സ്വാമിയും പോയി എന്ന ഐതിഹ്യത്തിലാണ് വാവരുടെ പ്രതിനിധി ഈ സംഘത്തെ അനുഗമിക്കുന്നത്. എരുമേലി നൈനാർ പള്ളിയിൽ സ്വീകരണം ഏറ്റുവാങ്ങി ധർമ്മശാസ്താ ക്ഷേത്രത്തിൽ പ്രവേശിച്ച് ശബരിമലയ്ക്ക് പുറപ്പെട്ടു. മകരവിളക്ക് കഴിയും വരെ സംഘം സന്നിധാനത്ത് കഴിയും.
ഉച്ചകഴിഞ്ഞ് മൂന്നോടെ യോഗം പെരിയോൻ എ കെ വിജയകുമാറിന്റെ നേതൃത്വത്തിലുള്ള ആലങ്ങാട് സംഘം കൊച്ചമ്പലത്തിൽനിന്ന് പേട്ടതുള്ളൽ ആരംഭിച്ചു. നൈനാർ പള്ളി വളപ്പിൽ മഹല്ലാ ജമാഅത്ത് ഭാരവാഹികൾ ഇവരെയും സ്വീകരിച്ചു. അമ്പലപ്പുഴ സംഘത്തോടൊപ്പം വാവരുസ്വാമിയും പോയി എന്ന സങ്കൽപ്പത്തിലാണ് ആലങ്ങാട്ട് സംഘം പള്ളിയിൽ കയറാത്തത്.
ജമാഅത്ത് ഭാരവാഹികളായ പി എ ഇർഷാദ്, സി എ എം കരീം, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, എരുമേലി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ്കുട്ടി, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി ആർ അനുപമ, ശുഭേഷ് സുധാകരൻ തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുത്തു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ബാബുക്കുട്ടന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ക്രമസമാധാന പരിപാലനത്തിനായി രംഗത്തുണ്ടായിരുന്നു.