ന്യൂഡൽഹി
ബിജെപിയുടെ ഭീകരവാഴ്ചയിൽനിന്ന് ജനങ്ങളെ മോചിപ്പിക്കുന്നതിനും രക്ഷിക്കുന്നതിനുമാണ് ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐ എം മുൻഗണന നൽകുന്നതെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ബിജെപിക്കെതിരായ വോട്ടുകൾ പരമാവധി ഏകോപിപ്പിക്കാൻ കഴിയുന്ന അടവുനയം നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐ എം കൈക്കൊള്ളും–-സംസ്ഥാന കമ്മിറ്റി യോഗത്തിനുശേഷം അഗർത്തലയിൽ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ഹിന്ദുത്വ വർഗീയതയ്ക്കെതിരെ കഴിയുന്നത്ര വിശാലമായ സഖ്യം കെട്ടിപ്പടുക്കും. ബിജെപിയെ തോൽപ്പിക്കാനുള്ള പോരാട്ടത്തിൽ സഹകരിക്കാൻ തയ്യാറാകുന്ന എല്ലാ മതനിരപേക്ഷ കക്ഷികളുമായും കൈകോർക്കും. ഇത്തരത്തിൽ, പാർടി കോൺഗ്രസ് അംഗീകരിച്ച നിലപാടിന് യോജിച്ച അടവുനയമാണ് ത്രിപുരയിൽ സ്വീകരിക്കുക. ഇത് നടപ്പാക്കുന്ന രീതിയും സംവിധാനവും സംസ്ഥാനതലത്തിൽ തീരുമാനിക്കും. ബിജെപിയെ തോൽപ്പിക്കുകയാണ് ലക്ഷ്യമെന്ന് എല്ലാ മതനിരപേക്ഷ കക്ഷികളും പ്രഖ്യാപിച്ചിട്ടുണ്ട്.
വർഗീയ ധ്രുവീകരണം തന്നെയാണ് 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ബിജെപിയുടെ തന്ത്രമെന്ന് ആർഎസ്എസ് തലവൻ കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിലെ പരാമർശങ്ങൾ വ്യക്തമാക്കുന്നു. മുസ്ലിങ്ങളും ക്രൈസ്തവരും കമ്യൂണിസ്റ്റുകാരും ആഭ്യന്തര ശത്രുക്കളാണെന്ന ആർഎസ്എസ് നിലപാട് ഉറപ്പിക്കുകയാണ് ഭാഗവത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശത്തു പോയി ഇന്ത്യയെ ജനാധിപത്യത്തിന്റെ മാതാവായി വിശേഷിപ്പിക്കുന്നു. ജി–-20ന്റെ അധ്യക്ഷപദവിയുടെ പേരിൽ ഖ്യാതി നടിക്കുകയാണ്. മോദി വിദേശത്ത് പോകുമ്പോൾ ഗാന്ധിജിയുടെ ഭാഷയിലും ഇന്ത്യയിൽ ഗോഡ്സെയുടെ ഭാഷയിലും സംസാരിക്കുന്നു.
ത്രിപുരയിലെ ആദിവാസി സമൂഹത്തെ ബിജെപി വഞ്ചിച്ചു. ആദിവാസികൾ ഇക്കാര്യം തിരിച്ചറിഞ്ഞിട്ടുണ്ട്. ആദിവാസിമേഖലകൾക്ക് പരമാവധി സ്വയംഭരണാവകാശമെന്ന ആവശ്യം ഭരണഘടനാ ചട്ടക്കൂടിനുള്ളിൽനിന്നുകൊണ്ട് പരിഹരിക്കണം. ത്രിപുരയിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ഉന്നമനമാണ് സിപിഐ എം ലക്ഷ്യമിടുന്നതെന്ന് യെച്ചൂരി പറഞ്ഞു. പാർടി സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരിയും ഒപ്പമുണ്ടായിരുന്നു.