കാസർകോട്
കൊൽക്കത്തയിലെ ലോവർ ചിറ്റ് പൂർ റോഡിലെ (ഇപ്പോൾ രവീന്ദ്രസരണി) ലോഡ്ജിലിരുന്നാണ് വൈക്കം മുഹമ്മദ് ബഷീർ ബാല്യകാലസഖി എഴുതിയത്. ഇംഗ്ലീഷിലായിരുന്നു ആ എഴുത്ത്. പിന്നീടാണ് അദ്ദേഹം തന്നെ അത് മലയാളത്തിലേക്ക് മാറ്റിയത്.
ഒന്നും ഒന്നും എത്രയാണെടാ? ഗുരുനാഥൻ ഒരിക്കൽ മജീദിനോട് ചോദിച്ചു. സാഭിമാനം മജീദ് പ്രസ്താവിച്ചു: ‘ഉമ്മിണി ബല്യ ഒന്ന്. ഈ ഭാഗം ആഷർ മൊഴിമാറ്റിയതിങ്ങനെ: വൺസ് ദ മാസ്റ്റർ ആസ്ക്ഡ് മജീദ്- ‘വാട്ട് ഡു വൺ ആൻഡ് വൺ മേയ്ക്ക്? മജീദ് അനൗൺസ്ഡ് പ്രൗഡ്ലി: ‘എ റാദർ ബിഗ് വൺ’. ഇതേ ഭാഗം കൊൽക്കത്തയിൽ മുമ്പ് ബഷീർ എഴുതിയതിങ്ങനെ. ഹൗ മച്ച് ഡസ് വൺ പ്ലസ് വൺ മേയ്ക്ക് ആസ്ക്ഡ് ദ ടീച്ചർ വൺഡേ, മജീദ് പ്രൗഡ്ലി അനൗൺസ്ഡ് ‘എ വെരി ബിഗ്വൺ’ ബഷീർ സൃഷ്ടിച്ച ഉമ്മിണി ബല്യ ഒന്ന്; ആഷറിന് “എ റാദർ ബിഗ് വണ്ണും ബഷീറിന് എ വെരിബിഗ് വണ്ണും ആയി.
ഇംഗ്ലണ്ടിലെ എഡിൻബറോ സർവകലാശാലയിൽ നിന്നുതന്നെ അദ്ദേഹം ശ്രീലങ്ക, ഇന്ത്യ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ ഭാഷകളെ ശ്രദ്ധിച്ചു. ദക്ഷിണേന്ത്യൻ ദ്രാവിഡഭാഷയുടെ വാമൊഴി വഴക്കങ്ങളെക്കുറിച്ചറിയാനാണ് ആഷർ ഇന്ത്യയിലെത്തിയത്. തമിഴിനോടായിരുന്നു കമ്പം. ഒടുവിൽ മലയാളത്തോടായി പ്രണയം. അങ്ങനെയാണ് വൈലാലിലെ മാങ്കോസ്റ്റൈൻ ചുവട്ടിൽ എത്തി ആഷർ മലയാളിയായി ‘മതം’ മാറിയത്. തകഴി വഴിയായിരുന്നു ബഷീറിന്റെ മരച്ചുവട്ടിലേക്ക് വന്നത്. “ബഷീറുണ്ടായിരുന്നപ്പോൾ രണ്ടുവർഷത്തിലൊരിക്കലെങ്കിലും ഞാൻ കോഴിക്കോട്ട് ചെല്ലും. എന്റെ ഭക്ഷണകാര്യങ്ങൾ ഫാബിയോടും മറ്റും ബഷീർ കൃത്യമായി പറഞ്ഞേൽപ്പിക്കും. എരിവും മസാലയും കൂടിയ മലബാർ ബിരിയാണിയുടെ സുഗന്ധം ഇപ്പോഴും ഓർമകളിൽ എരിഞ്ഞ് നിൽക്കുന്നു”- ആഷർ അനുസ്മരിച്ചിരുന്നു.
അമ്പതുകളിലാണ് ആഷർ തകഴിയെപ്പറ്റി കേൾക്കുന്നത്. 1962ൽ ചെമ്മീൻ നോവലിന്റെ സി നാരായണമേനോന്റെ ഇംഗ്ലീഷ് തർജമ വായിച്ചതോടെ നേരിട്ടു കാണാൻ കത്തെഴുതി. എറണാകുളത്താണ് കണ്ടത്. അതൊരു തുടക്കമായി. ഈ തകഴിക്കാലമായിരുന്നു ആഷറിനെ മലയാളിയായി മാറാൻ പ്രേരിപ്പിച്ചത്. പിന്നീട് തോട്ടിയുടെ മകൻ എന്ന നോവലിന്റെ തർജമ. തകഴിയുടെ രചനാശീലങ്ങളെക്കുറിച്ചും ആഷർ എഴുതി. ‘‘ഒരുനോവലിനുമുമ്പ് അതിന്റെ പ്ലോട്ടിനെ കുറിച്ച് ചിന്തിച്ച് വർഷങ്ങളോളമുള്ള കാത്തിരിപ്പാണ് തകഴിയുടെ പ്രത്യേകത. നോവലിന്റെയോ കഥയുടെയോ എഴുത്ത് എന്നത് മൊത്തം ലേഖനപ്രക്രിയയിലെ ഏറ്റവും ലളിതമായ ഘടകമാണെന്ന ധാരണയാണ് അദ്ദേഹം നൽകിയത്. ഒരിക്കൽ തകഴി എന്നോട് ചോദിച്ചു: ആഷർ നിങ്ങൾക്കൊരു നോവലെഴുതിക്കൂടെ? അത് വളരെ എളുപ്പമാണ്’’. തകഴിയുടെ ഉപദേശം കേട്ട് ആഷർ നോവലിസ്റ്റായില്ലെങ്കിലും ഏത് മലയാളിയേക്കാളും വലിയ ഭാഷാസ്നേഹിയും വായനക്കാരനുമായി മാറി. മലയാളികളോട് മലയാളത്തിൽതന്നെ സംസാരിക്കണമെന്ന ശാഠ്യവും ആ ഭാഷാസ്നേഹി വച്ചുപുലർത്തി.
ഇന്ത്യൻ ഭാഷകളിൽ മികച്ച നോവലുകളുണ്ടാകുന്നില്ലെന്നും ഉണ്ടെങ്കിൽ അത് ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരിൽനിന്നുമാണെന്നും സൽമാൻ റുഷ്ദി പറഞ്ഞു. ആഷർ അതിനെ നഖശിഖാന്തം എതിർത്തു. തകഴിയുടെ ഗദ്യങ്ങളിലെ രാഷ്ട്രീയബോധവും ബഷീർ അനുഭവങ്ങളുടെ വൻകരകളും പാശ്ചാത്യർ മനസ്സിലാക്കിയാൽ എന്താകും ലോകസാഹിത്യത്തിൽ മലയാളത്തിന്റെ സ്ഥാനമെന്ന് ആഷറെന്ന മലയാളി സായ്പ് ചോദിച്ചു.