ന്യൂഡൽഹി
ബഫർസോൺ വിഷയത്തിൽ കേരളം സുപ്രീംകോടതിയിൽ നടത്തിയ ഇടപെടലിന് ഗുണകരമായ വഴിത്തിരിവ്. സംരക്ഷിത വനങ്ങളുടെ ഒരു കിലോമീറ്റര് ചുറ്റളവ് കരുതല് മേഖല (ബഫര്സോണ്)യാക്കണമെന്ന വിധിയിൽ കേരളത്തിന് ഇളവ് അനുവദിക്കുന്നത് പരിഗണിക്കാമെന്ന് സുപ്രീംകോടതി. കേന്ദ്ര വനം–-പരിസ്ഥിതി മന്ത്രാലയം അന്തിമ വിജ്ഞാപനവും കരട് വിജ്ഞാപനവും പുറപ്പെടുവിച്ച മേഖലകളെ ബഫർസോൺ നിബന്ധനയിൽനിന്ന് ഒഴിവാക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ഇടപെടൽ ഹർജി കേൾക്കവെയാണ് ജസ്റ്റിസുമാരായ ബി ആർ ഗവായിയും എം എം സുന്ദരേഷും ഉള്പ്പെട്ട ബെഞ്ച് അനുഭാവപൂർവം പ്രതികരിച്ചത്. ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
കേരളത്തിൽ 17 സംരക്ഷിത വനത്തിന്റെ കരട് വിജ്ഞാപനം പുറത്തുവന്നിട്ടുണ്ടെന്നും അന്തിമവിജ്ഞാപനം വൈകാതെയുണ്ടാകുമെന്നും മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത കോടതിയെ അറിയിച്ചു. ഈ മേഖലകളെയും അന്തിമവിജ്ഞാപനം ഇറങ്ങിയ മേഖലകളെയും വിധിയിൽനിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. അന്തിമ വിജ്ഞാപനം ഇറങ്ങിയ മേഖലകളെ ഒഴിവാക്കിയിട്ടുണ്ടെന്ന് കോടതി അറിയിച്ചു. കരട് വിജ്ഞാപന മേഖലകളെക്കൂടി ഒഴിവാക്കുന്നത് പരിഗണിക്കാമെന്നും കോടതി ഉറപ്പുനൽകി. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഉന്നയിക്കുന്ന വിഷയങ്ങളെ പൊതുവായി പരിഗണിച്ചുള്ള സമഗ്ര സമീപനമാകും ഉചിതമെന്ന് അമിക്കസ്ക്യൂറി കോടതിയെ അറിയിച്ചു.
സംസ്ഥാന സർക്കാരിന്റെ ആവശ്യത്തോട് അനുകൂലിച്ച് ചില കർഷകസംഘടനകളും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വിഷയം മൂന്നംഗ ബെഞ്ചിന് വിടണോയെന്നതും കോടതിയുടെ ആലോചനയിലുണ്ട്. ഇക്കാര്യവും തിങ്കളാഴ്ച പരിശോധിക്കും. ജനസാന്ദ്രത ഏറെ ഉയർന്ന കേരളത്തിൽ ബഫർസോൺ നിബന്ധന എളുപ്പമല്ലെന്ന് കേരളം ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിധിയിൽ വ്യക്തത തേടി കേന്ദ്രം സമർപ്പിച്ച ഹർജിക്കൊപ്പമാണ് കേരളം ഇടപെടൽ ഹർജി നൽകിയത്. സ്റ്റാൻഡിങ് കൗൺസൽ നീഷെ രാജൻ ശങ്കറും കേരളത്തിനുവേണ്ടി ഹാജരായി.