തിരുവനന്തപുരം
മൂന്ന് വർഷത്തിനുശേഷം തിരുവനന്തപുരത്തെത്തുന്ന രാജ്യാന്തര ഏകദിന ക്രിക്കറ്റ് മത്സരത്തിനായി കാര്യവട്ടം ഗ്രീൻഫീൽഡ് ഒരുങ്ങി. കാര്യവട്ടത്തെ കളിക്കണക്കിൽ മുൻതൂക്കം ഇന്ത്യക്കാണെങ്കിലും വാശിയേറിയ മത്സരമാണ് പ്രതീക്ഷിക്കുന്നത്. 15ന് പകൽ 1.30 മുതലാണ് ഇന്ത്യ-–ശ്രീലങ്ക മത്സരം.
ഗ്രൗണ്ടിലെ അവസാനവട്ട മിനുക്കുപണികൾ പുരോഗമിക്കുകയാണ്. മികച്ച മത്സരം പ്രതീക്ഷിക്കാവുന്നവിധത്തിലാണ് പിച്ച് ഒരുക്കുന്നതെന്നും കൂടുതൽ അവകാശവാദങ്ങളില്ലെന്നും ക്യുറേറ്റർ എ എം ബിജു പറഞ്ഞു. മത്സരത്തിനായി രണ്ടും പരിശീലനത്തിനായി നാലും പിച്ചുകളാണ് തയ്യാറാക്കിയത്. പിച്ചിലെ പുല്ല് അരിഞ്ഞുമാറ്റി റോൾ ചെയ്ത് മത്സരത്തിനായി സജ്ജമാക്കി. ബിസിസിഐ ക്യുറേറ്റർ പ്രകാശ് ജാഥവ് ചൊവ്വാഴ്ച പിച്ച് പരിശോധിച്ചു.ടീമുകൾ 13ന് തിരുവനന്തപുരത്തെത്തും. ഏകദിന പരമ്പരയിലെ അവസാന മത്സരമാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്നത്. ഇരുടീമുകളും 14ന് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങും. 14ന് പകൽ ഒന്നുമുതൽ നാലുവരെ ശ്രീലങ്കൻ ടീമും വൈകിട്ട് അഞ്ചുമുതൽ എട്ടുവരെ ഇന്ത്യൻ ടീമും പരിശീലനം നടത്തും.
കോവിഡിനെത്തുടർന്നുണ്ടായ നീണ്ട ഇടവേളയ്ക്കുശേഷം 2022 സെപ്തംബർ 28നാണ് സ്റ്റേഡിയത്തിലെ അവസാന രാജ്യാന്തരമത്സരം നടന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20യിൽ ഇന്ത്യ വിജയിച്ചെങ്കിലും റണ്ണൊഴുക്കുണ്ടായില്ല. ദക്ഷിണാഫ്രിക്ക ഉയർത്തിയ 107 റൺ വിജയലക്ഷ്യം ഇന്ത്യ 16.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു. മത്സരത്തിനുമുമ്പ് പെയ്ത മഴകാരണം പിച്ചിൽ ഈർപ്പംനിറഞ്ഞു. കളിയിൽ റൺ പിറന്നില്ല.ഇതുവരെ നാല് രാജ്യാന്തര മത്സരങ്ങളാണ് കാര്യവട്ടത്ത് നടത്ത്. ഒരു ഏകദിനവും മൂന്ന് ട്വന്റി 20യും.
37,000
പേർക്ക്
കളി കാണാം
സ്റ്റേഡിയത്തിൽ 37,000 പേർക്ക് കളികാണാനാകും. 1000, 2000 എന്നിങ്ങനെയാണ് കെസിഎ ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. 18 ശതമാനം ജിഎസ്ടി,12 ശതമാനം വിനോദനികുതി, ഓൺലൈൻ ബുക്കിങ് ചാർജ് എന്നിവ ചേരുമ്പോൾ 1000 രൂപയുടെ ടിക്കറ്റ് 1475.74 രൂപയാകും.