ലൊസ് ആഞ്ചലസ്
ഹൃദയത്തില് തൊടുന്ന ഈണങ്ങളുമായി തെന്നിന്ത്യ കീഴടക്കിയ സംഗീതസംവിധായകന് എം എം കീരവാണിക്ക് ഗോള്ഡന് ഗ്ലോബ് പുരസ്കാരം. എസ് എസ് രാജമൗലി ഒരുക്കിയ ‘ആർആർആറി’ലെ ‘നാട്ടുനാട്ടു’ ഗാനമാണ് ലോകപ്രശസ്ത സംഗീതജ്ഞരുടെ സൃഷ്ടികള്ക്കൊപ്പം മത്സരിച്ച് ‘ഒറിജിനൽ സോങ്’ വിഭാഗത്തിൽ ഒന്നാമതെത്തിയത്.
ഹോളിവുഡ് താരങ്ങള് തിങ്ങിനിറഞ്ഞ ലൊസ് ആഞ്ചലസിലെ 80–-ാം ഗോൾഡൻ ഗ്ലോബ് വേദിയില് കീരവാണി പുരസ്കാരം ഏറ്റുവാങ്ങിയത് ഇന്ത്യന് ചലച്ചിത്രഗാനശാഖയ്ക്ക് അഭിമാന നിമിഷമായി. രാജമൗലി അടക്കം സിനിമയുടെ അണിയറ പ്രവര്ത്തകര്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് അദ്ദേഹം പുരസ്കാരം സ്വീകരിച്ചത്. കാലഭൈരവ, രാഹുല് സിപ്ലിഗുഞ്ജ് എന്നിവര് ചേര്ന്ന് ആലപിച്ച തെലുങ്ക് ഗാനത്തിന്റെ വരികള് ചന്ദ്രബോസിന്റേതാണ്. മലയാളം അടക്കമുള്ള ഭാഷകളിലും ഗാനം ഇറങ്ങി.
ആദ്യമായാണ് ഇന്ത്യന് ചിത്രത്തിലെ ഗാനം ഈ പുരസ്കാരം നേടുന്നത്. സ്ലംഡോഗ് മില്യനയര് (2008) എന്ന ബ്രിട്ടീഷ് ചിത്രത്തിലൂടെ എ ആര് റഹ്മാന് ഗോള്ഡന് ഗ്ലോബ് നേടി. ഇംഗ്ലീഷ് ഇതര വിഭാഗത്തിൽ മികച്ച ചിത്രത്തിനുള്ള അന്തിമ പട്ടികയിലും ആർആർആര് ഇടം നേടിയെങ്കിലും “അര്ജന്റിന 1985′ എന്ന ചിത്രമാണ് പുരസ്കാരം നേടിയത്.
കൊഡൂരി മരകതമണി കീരവാണിയെന്ന എം എം കീരവാണി ആന്ധ്രപ്രദേശിലെ കൊവ്വൂരിലാണ് ജനിച്ചത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിലായി ഇരുനൂറിലേറെ ഗാനങ്ങളൊരുക്കി. ബാഹുബലിയിലെ ഗാനങ്ങള് ശ്രദ്ധേയം. സൂര്യമാനസം, നീലഗിരി, ദേവരാഗം തുടങ്ങിയ മലയാളചിത്രങ്ങളിലെ ഗാനങ്ങള് ഏറെ ജനപ്രിയം.