തൃശൂർ > സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പു കേസിലെ മുഖ്യപ്രതി പ്രവീൺ റാണയെ പൊലീസ് പിടികൂടി. തൃശൂർ ഈസ്റ്റ് സിഐ ലാൽകുമാറിന്റെ നേതൃത്വത്തിലുള്ള സിറ്റി പൊലീസ് സ്പെഷ്യൽ സ്ക്വാഡ് പൊള്ളാച്ചിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. ബുധനാഴ്ച വൈകിട്ട് ഒളി സങ്കേതം വളഞ്ഞാണ് പിടികൂടിയത്. പിടിയിലാകുമ്പോൾ കറുപ്പണിഞ്ഞ് സ്വാമി വേഷത്തിലായിരുന്നു. ഇയാളെ വ്യാഴാഴ്ച തൃശൂരിൽ കൊണ്ടുവരും.
റാണയുടെ കമ്പനിയുടെ അഡ്മിനിസ്ട്രേറ്റീവ് മേധാവി സതീഷിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. നിരവധി രേഖകളും പിടിച്ചിട്ടുണ്ട്. നിക്ഷേപകർക്ക് 48 ശതമാനം പലിശ വാഗ്ദാനം ചെയ്താണ് നിക്ഷേപത്തട്ടിപ്പ് നടത്തിയത്. ഇതുവരെ 40 പരാതികൾ തൃശൂരിലെ വിവിധ സ്റ്റേഷനുകളിൽ ലഭിച്ചു. മുപ്പതോളം കേസുകൾ രജിസ്റ്റർ ചെയ്തു. വെള്ളിയാഴ്ച നടത്തിയ പരിശോധനയ്ക്കിടെയാണ് പ്രവീൺ റാണ പൊലീസിനെ കബളിപ്പിച്ച് എറണാകുളം കലൂരിലെ ഫ്ളാറ്റിൽനിന്ന് രക്ഷപ്പെട്ടത്. തുടർന്ന് സിറ്റി പൊലീസ് കമീഷണർ അങ്കിത് അശോകിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ സ്ക്വാഡ് ടീം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് അന്വേഷണം തുടങ്ങി.
എറണാകുളത്തുനിന്ന് തൃശൂരിലേക്കും അവിടെനിന്ന് പൊള്ളാച്ചിയിലേക്കും കടന്നിട്ടുണ്ടെന്ന് വ്യക്തമായ സൂചന ലഭിച്ചതിനെത്തുടർന്നാണ് പൊലീസ് സംഘം ബുധനാഴ്ച പകൽ പൊള്ളാച്ചിയിലേക്ക് പോയത്. ഒരു വർഷമായി പ്രവീൺ റാണ സിനിമാ നിർമാണം, റിസോർട്ട്, ഭൂമിക്കച്ചവടം തുടങ്ങി മേഖലകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. നൂറുകണക്കിന് ജീവനക്കാരുള്ള കമ്പനിവഴി ശേഖരിച്ച നിക്ഷേപത്തുക ഉപയോഗിച്ച് പലയിടങ്ങളിലായി ഭൂമിയും വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഇതു സംബന്ധിച്ച രേഖകൾ പാലാഴിയിലെ വാടകവീട്ടിൽനിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.