ഗുവാഹത്തി
വരൾച്ചയ്ക്കുശേഷം വിരാട് കോഹ്ലിയുടെ ബാറ്റിൽ റൺമഴ. മിന്നും സെഞ്ചുറിയുമായി കോഹ്ലി കുതിച്ചപ്പോൾ ശ്രീലങ്കയ്ക്കെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 67 റൺ ജയം. ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 373 റണ്ണാണ് നേടിയത്. ലങ്ക എട്ടിന് 306 റണ്ണെടുത്തു.ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിൽ മൂന്നക്കം കണ്ട കോഹ്ലി ലങ്കയ്ക്കെതിരെയും മികവ് തുടർന്നു. ഗുവാഹത്തിയിൽ 87 പന്തിൽ 113 റണ്ണാണ് അടിച്ചുകൂട്ടിയത്. 83 പന്തിലായിരുന്നു സെഞ്ചുറി. ഒരു സിക്സറും 12 ഫോറുമായിരുന്നു ഇന്നിങ്സിൽ. ഏകദിനത്തിൽ 45 സെഞ്ചുറി. രാജ്യാന്തര ക്രിക്കറ്റിൽ 73. ടെസ്റ്റിൽ 27ഉം ട്വന്റി 20യിൽ ഒരു സെഞ്ചുറിയുമാണുള്ളത്.
മറുവശത്ത് സെഞ്ചുറിയുമായി ക്യാപ്റ്റൻ ദസുൺ ഷനക ലങ്കയ്ക്കായി പൊരുതി. 88 പന്തിൽ 108 റണ്ണുമായി ഷനക പുറത്താകാതെനിന്നു.
ലോകകപ്പിനുള്ള ഒരുക്കമായി കണ്ട് ഇറങ്ങിയ ഇന്ത്യ നിരാശപ്പെടുത്തിയില്ല. ഗുവാഹത്തിയിലെ തണുപ്പുനിറഞ്ഞ അന്തരീക്ഷത്തിൽ ഇന്ത്യൻ ബാറ്റർമാർ വിറച്ചില്ല. തുടക്കംമുതൽ തകർത്തടിച്ചു.
ടോസ് നേടിയ ലങ്കൻ ക്യാപ്റ്റൻ ദസുൺ ഷനക ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. എന്നാൽ, ആ തീരുമാനം തുടക്കത്തിൽത്തന്നെ പാളി. രോഹിത് ശർമയും ശുഭ്മാൻ ഗില്ലും ബൗണ്ടറികളുമായി ആരംഭിച്ചു. 118 പന്തിൽ 143 റണ്ണാണ് ആദ്യ വിക്കറ്റിൽ ഇരുവരും നേടിയത്. 60 പന്തിൽ 70 റണ്ണെടുത്ത ഗില്ലിനെ വിക്കറ്റിനുമുന്നിൽ കുരുക്കി ഷനകയാണ് ഈ സഖ്യത്തെ വേർപിരിച്ചത്. മറുവശത്ത് പരിക്കുമാറി തിരിച്ചെത്തിയ രോഹിത് മികച്ച ഷോട്ടുകളുമായി മുന്നേറുകയായിരുന്നു. എന്നാൽ, 67 പന്തിൽ 83 റണ്ണെടുത്ത ഇന്ത്യൻ ക്യാപ്റ്റനെ ദിൽഷൻ മധുഷങ്ക ബൗൾഡാക്കി.തുടർന്നായിരുന്നു കോഹ്ലി കളംകീഴടക്കിയത്. വേഗത്തിൽ തുടങ്ങിയ കോഹ്ലി രോഹിത് മടങ്ങിയപ്പോൾ അൽപ്പം പിൻവലിഞ്ഞു. ശ്രേയസ് അയ്യരായിരുന്നു ഈ ഘട്ടത്തിൽ കൂട്ട്. ശ്രേയസ് സ്പിന്നർമാരെ കടന്നാക്രമിച്ചു. 24 പന്തിൽ 28 റൺ. ഒരു സിക്സറും മൂന്ന് ഫോറും. ഒടുവിൽ സ്പിന്നർ ധനഞ്ജയ ഡി സിൽവയ്ക്കുമുന്നിൽ വീണു.
കോഹ്ലി പതറിയില്ല. കൂട്ടായെത്തിയത് ലോകേഷ് രാഹുൽ. ആദ്യഘട്ടത്തിൽ ഇരുവരും വിക്കറ്റ് കാത്തു. പിന്നെ ആക്രമിച്ചുകളിച്ചു. 70 പന്തിൽ 90 റണ്ണാണ് ഇരുവരും ചേർന്ന് നേടിയത്. കസുൺ രജിതയുടെ പന്തിൽ കുറ്റിതെറിച്ച് മടങ്ങുമ്പോൾ രാഹുൽ നേടിയത് 29 പന്തിൽ 39 റൺ. ഈ ഘട്ടത്തിൽ 40.5 ഓവറിൽ 4–-303 റണ്ണെന്ന നിലയിലായിരുന്നു ഇന്ത്യ. എന്നാൽ, കോഹ്ലിക്ക് പിന്തുണ നൽകാൻ തുടർന്നെത്തിയ ആർക്കും കഴിഞ്ഞില്ല. ഹാർദിക് പാണ്ഡ്യ (12 പന്തിൽ 14), അക്സർ പട്ടേൽ (9 പന്തിൽ 9) എന്നിവർ പെട്ടെന്ന് മടങ്ങി. കോഹ്ലിക്കും വലിയ ഷോട്ടുകൾ പായിക്കാനായില്ല. ഒരുഘട്ടത്തിൽ 400നുമുകളിൽ സ്കോർ പ്രതീക്ഷിച്ചിരുന്നു ടീം.
ലങ്കൻ ബൗളർമാരിൽ രജിത് മൂന്ന് വിക്കറ്റ് നേടിയെങ്കിലും പത്തോവറിൽ 88 റണ്ണാണ് വിട്ടുകൊടുത്തത്. മറുപടിക്കെത്തിയ ലങ്കയ്ക്ക് കൂറ്റൻ സ്കോറിനുമുന്നിൽ പിടിച്ചുനിൽക്കാനായില്ല. അവസാനഘട്ടത്തിൽ ഷനക നടത്തിയ പോരാട്ടമാണ് അവരുടെ തോൽവിഭാരം കുറച്ചത്. ഒമ്പതാം വിക്കറ്റിൽ രജിതുമായി ചേർന്ന് 100 റണ്ണാണ് ഷനക കൂട്ടിച്ചേർത്തത്. ഇതിൽ ഒമ്പത് റൺ മാത്രമായിരുന്നു രജിതയുടെ സമ്പാദ്യം. 8–-206 എന്ന ഘട്ടത്തിലാണ് ഇരുവരും ഒരുമിച്ചത്. എൺപത് പന്തിൽ 72 റണ്ണെടുത്ത പതും നിസ്സങ്കയും 40 പന്തിൽ 47 റണ്ണെടുത്ത ധനഞ്ജ ഡി സിൽവയും പൊരുതി.
മൂന്ന് വിക്കറ്റെടുത്ത ഉമ്രാൻ മാലിക്കാണ് ഇന്ത്യൻ ബൗളർമാരിൽ തിളങ്ങിയത്. മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റ് വീഴ്ത്തി. നാളെ കൊൽക്കത്തയിലാണ് രണ്ടാം ഏകദിനം. 15ന് തിരുവനന്തപുരത്ത് മൂന്നാംമത്സരം.