തിരുവനന്തപുരം
തുടക്കം തകർന്ന കേരളത്തെ ഒറ്റയാൾപോരാട്ടത്തിലൂടെ ഉയർത്തി സച്ചിൻ ബേബി. രഞ്ജി ട്രോഫി ക്രിക്കറ്റിൽ സർവീസസിനെതിരെ ആദ്യദിനം കളി നിർത്തുമ്പോൾ കേരളം ആറ് വിക്കറ്റ് നഷ്ടത്തിൽ 254 റണ്ണെടുത്തു. സച്ചിൻ 133 റണ്ണുമായി ക്രീസിലുണ്ട്. 4–-19 എന്ന നിലയിൽ തകർന്ന കേരളത്തെ മുൻ ക്യാപ്റ്റൻ ഒറ്റയ്ക്ക് തോളിലേറ്റുകയായിരുന്നു.
ടോസ് നേടിയ കേരളം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. പക്ഷേ, ആശിച്ച തുടക്കം കിട്ടിയില്ല. ഓപ്പണർമാരായ പി രാഹുലും (0) ജലജ് സക്സേനയും (8) വേഗം കീഴടങ്ങി. കഴിഞ്ഞ കളിയിൽ സെഞ്ചുറി നേടിയ മുതിർന്നതാരം രോഹൻ പ്രേമിനും (1) രക്ഷകനാകാൻ കഴിഞ്ഞില്ല. യുവതാരം വത്സൽ ഗോവിന്ദും (1) നിരാശപ്പെടുത്തി. 8.4 ഓവറിൽ നാല് വിക്കറ്റിന് 19 എന്ന നിലയിലായി കേരളം.
ആറാമനായെത്തിയ സൽമാൻ നിസാറിനെ (42) കൂട്ടിപിടിച്ചായിരുന്നു സച്ചിന്റെ രക്ഷാപ്രവർത്തനം. ഇരുവരും 96 റൺ ചേർത്തു. പിന്നാലെയെത്തിയ അക്ഷയ് ചന്ദ്രനും (32) കുറച്ചുനേരം പിടിച്ചുനിന്നു. ക്യാപ്റ്റൻ സിജോമോൻ ജോസഫാണ് (29) നിലവിൽ ക്രീസിൽ കൂട്ട്. ഒരു സിക്സറും 11 ഫോറും സച്ചിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു. സർവീസസിനായി ദിവേഷ് പതാനിയയും പൂനം പൂണിയയും രണ്ടുവീതം വിക്കറ്റ് നേടി.