കണ്ണൂർ
“‘ധീര സഖാവെ ധീരജേ, ഇല്ലാ നിങ്ങൾ മരിക്കുന്നില്ലാ….” അന്തരീക്ഷത്തിൽ അലയടിക്കുകയായിരുന്നു ആയിരമായിരം കണ്ഠങ്ങളിൽനിന്നുയർന്ന മുദ്രാവാക്യങ്ങൾ. ധീരജ് ഉറങ്ങുന്ന മണ്ണിൽ സ്മാരകസ്തൂപത്തിന്റെ അനാച്ഛാദനത്തിന് സാക്ഷിയാകാൻ നാടുമുഴുവൻ ഒഴുകിയെത്തിയിരുന്നു.
ധീരജിന്റെ ചിരിക്കുന്ന മുഖം മാത്രം നെഞ്ചേറ്റി അവിടേക്ക് ഓടിയെത്തിയവരിൽ പലരും ആ നിമിഷത്തിൽ കണ്ണീരണിഞ്ഞു. അച്ഛൻ രാജേന്ദ്രനും അമ്മ പുഷ്കലയും ധീരജിനെ സ്നേഹിക്കുന്ന നാടും ഉള്ളുനീറുന്ന വേദനയിലൂടെയാണ് കടന്നുപോയത്. ധീരജിനെക്കുറിച്ച് അച്ഛൻ രാജേന്ദ്രൻ എഴുതിയ കവിത പശ്ചാത്തലത്തിൽ മുഴങ്ങിയപ്പോൾ ആ രംഗം വീണ്ടും ആർദ്രമായി.
വിദ്യാർഥി റാലിയിൽ വൈറ്റ് വളന്റിയർമാരുടെ അകമ്പടിയോടെ എത്തിയ അത് ലറ്റുകളുടെ കൈയിൽനിന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ ദീപശിഖ ഏറ്റുവാങ്ങി. അഖിലേന്ത്യാ ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ് ദീപശിഖ രക്തസാക്ഷി സ്തൂപത്തിന് മുന്നിൽ ഉറപ്പിച്ചു.
ധീരജിന്റെ സ്മാരകം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അനാഛാദനംചെയ്തു. മുദ്രാവാക്യത്തിന്റെ ആവേശത്തിനൊപ്പം ചെമ്പതാകയും ചുവപ്പും വെള്ളയും നിറത്തിലുള്ള ബലൂണുകളും ആകാശത്തേക്ക് ഉയർന്നു.
തൃച്ചംബരം പട്ടപ്പാറയിലെ വീടിനോടുചേർന്ന് ധീരജ് അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്ത് ശിൽപ്പി ഉണ്ണി കാനായിയാണ് സ്മാരകം നിർമിച്ചത്. പുസ്തകത്തിൽനിന്നുയരുന്ന അഗ്നിജ്വാലയിൽനിന്ന് ഉയിർത്തെഴുന്നേൽക്കുന്ന ധീരജിന്റെ മുഖമാണ് കരിങ്കല്ലിൽ കൊത്തിയെടുത്തത്. രക്തനക്ഷത്രാങ്കിതമായ ശുഭ്ര പതാകയും സ്മാരകത്തിലുണ്ട്.