മലപ്പുറം
രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെ 12 മണിക്കൂറിൽ 4500 പെനൽറ്റി കിക്കെടുത്ത് കേരളത്തിന്റെ ഗിന്നസ് റെക്കോഡ്. സംസ്ഥാന കായികവകുപ്പ് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ‘ഡ്രീം ഗോൾ ഗിന്നസ് റെക്കോഡി’ലാണ് പെനൽറ്റിയടിക്കാൻ മലപ്പുറം ഒഴുകിയെത്തിയത്.
ഒരുമണിക്കൂറിൽ ജർമൻ പ്രൊഫഷണൽ ഫുട്ബോളർമാർ എടുത്ത 600 കിക്കായിരുന്നു നിലവിലെ റെക്കോഡ്. 2500 പേരെങ്കിലും കിക്കെടുക്കണമെന്നായിരുന്നു നിബന്ധന.
ജില്ലയിലെ 80 സ്കൂളുകളിൽനിന്നും കോളേജുകളിൽനിന്നുമുള്ള വിദ്യാർഥികളും 14 ഫുട്ബോൾ അക്കാദമിയിൽനിന്നുള്ളവരും കിക്കെടുക്കാനെത്തി. സ്ത്രീകളുൾപ്പെടെ നാട്ടുകാരും റെക്കോഡിലേക്ക് പന്തുതട്ടി. മുൻ ഇന്ത്യൻ ക്യാപ്റ്റൻ യു ഷറഫലി ആദ്യ പെനൽറ്റിയെടുത്തു. ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്സ് വിദേശ പ്രതിനിധിയും ഇന്ത്യൻ പ്രതിനിധികളും നിരീക്ഷകരായി. മന്ത്രി വി അബ്ദുറഹിമാനാണ് അവസാന കിക്കെടുത്തത്.