ആലപ്പുഴ
കണ്ണൂർ പൈതൽമലയിൽ ക്രിസ്റ്റിസോണിയ വിഭാഗത്തിലെ പുതിയ ഇനം പരാദസസ്യം കണ്ടെത്തി. കുറിഞ്ഞി ഇനത്തിൽപ്പെട്ട സസ്യങ്ങളുടെ വേരുകളിൽ വളരുന്ന ഇതിന് ക്രിസ്റ്റിസോണിയ ഫ്ലാവിറൂബൻസ് എന്നാണ് ശാസ്ത്രനാമം. ചുവപ്പും മഞ്ഞയും കലർന്ന ഇവയുടെ പൂക്കളാണ് ഈ പേരിന് കാരണം. ഇലകളോ ഹരിതകമോ ഈ വിഭാഗം സസ്യങ്ങളിലില്ല. പൂർണമായും ആതിഥേയസസ്യത്തെ ആശ്രയിച്ച് ജീവിക്കുന്ന ഇവയ്ക്ക് ചെറിയ വേരുകളും പൂക്കളും കായ്കളും മാത്രമാണുള്ളത്.
നിറയെ രോമാവൃതമായ പൂക്കളും ഒരേ നിരയിൽ നിൽക്കുന്ന പുരുഷകേസരങ്ങളും പ്രത്യേകതകളാണ്. ദീർഘകാലത്തെ ഇടവേളകളിലാണ് ആതിഥേയസസ്യമായ കുറിഞ്ഞിച്ചെടികളിൽ പൂക്കാലമെത്തുക. പൂവിട്ട് കായ്കൾ ഉണ്ടായശേഷം അവ കൂട്ടമായി നശിക്കും. ഇങ്ങനെ നശിക്കുന്ന കുറിഞ്ഞിച്ചെടികളുടെ വേരുകൾ മഴക്കാലത്ത് അഴുകിത്തുടങ്ങുമ്പോൾ കുമിളുകളുടെ സഹായത്തോടെ അവയിൽനിന്ന് വെള്ളവും ലവണങ്ങളും സ്വീകരിച്ചാണ് ഈ സസ്യം വളരുന്നത്. ഏതാനും മാസങ്ങൾ മാത്രമാണ് ആയുസ് ഉള്ളതെങ്കിലും വിത്തുകൾക്ക് വർഷങ്ങളോളം അങ്കുരണശേഷിയുണ്ട്. ആലപ്പുഴ സനാതന ധർമ കോളേജിലെ സസ്യശാസ്ത്രവിഭാഗം അധ്യാപകൻ ഡോ. ജോസ് മാത്യു, വയനാട് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിലെ സീനിയർ ടെക്നിക്കൽ ഓഫീസർ സലിം പിച്ചൻ എന്നിവരാണ് കണ്ടെത്തലിന് പിന്നിൽ. പോളണ്ടിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ബയോഡൈവേഴ്സിറ്റി: കൺസർവേഷൻ, റിസർച്ച് എന്ന ശാസ്ത്രമാസികയുടെ പുതിയ ലക്കത്തിൽ ഈ സസ്യത്തെ സംബന്ധിച്ച പ്രബന്ധം പ്രസിദ്ധീകരിച്ചു.