തിരുവനന്തപുരം
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കേ കേരളത്തിലെ മത്സരരംഗത്തുനിന്ന് പിന്മാറി കൂടുതൽ കോൺഗ്രസ് എംപിമാർ. ഒടുവിൽ, ടി എൻ പ്രതാപനാണ് പിന്മാറുന്നതായി പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് സജീവമാകാനാണ് താൽപ്പര്യമെന്നും തൃശൂർ മണ്ഡലത്തിൽ മത്സരിക്കാൻ പകരം ആളെ കണ്ടെത്തിയിട്ടുണ്ടെന്നും ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ആറ്റിങ്ങൽ എംപി അടൂർ പ്രകാശും മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷും സംസ്ഥാന രാഷ്ട്രീയത്തിൽ തിരിച്ചുവരാൻ നേരത്തേ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. രാജ്മോഹൻ ഉണ്ണിത്താനും ആന്റോ ആന്റണിയും ഇതേ നിലപാടിലാണ്. മിക്കവരും നേതൃത്വത്തെ കാര്യം അറിയിച്ചു.
പരാജയഭീതിയും എഐസിസി നേതാക്കളിലുള്ള വിശ്വാസക്കുറവും പിന്മാറ്റത്തിന് കാരണമായിട്ടുണ്ട്. എഐസിസി തീരുമാനം കെ സി വേണുഗോപാലിന്റെ കൈയിലാണെന്നതും അത് വിനയാകുമെന്നും ഒരു വിഭാഗം എംപിമാർ കണക്കൂകൂട്ടുന്നു. എന്നാൽ, മത്സരിക്കേണ്ടത് ആരൊക്കെയെന്ന് തീരുമാനിക്കുന്നത് ഹൈക്കമാൻഡ് ആണെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ മുരളീധരനും പറയുന്നത്. പാർടി അനുവദിച്ചാൽ മത്സരിക്കുമെന്ന നിലപാടിലാണ് മുരളീധരനും എം കെ രാഘവനും.
സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാൻ തീരുമാനിച്ച ശശി തരൂർ തിരുവനന്തപുരത്ത് വീണ്ടും മത്സരിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. ഇവിടെ പലതും ചെയ്യാനാകുമെന്ന് ആവർത്തിക്കുന്ന തരൂർ വിവിധ സമുദായ നേതാക്കളെ കണ്ട് പിന്തുണ അഭ്യർഥിക്കുന്നത് തുടരുകയാണ്. കഴിഞ്ഞ ദിവസം ഓർത്തഡോക്സ് സഭാ അധ്യക്ഷനെ കണ്ടശേഷം ലക്ഷ്യം വിവരിച്ചിരുന്നു. കേരളത്തിൽ സജീവമാകാനുള്ള ജനങ്ങളുടെ ആവശ്യം തനിക്ക് എങ്ങനെ തള്ളിക്കളയാനാകുമെന്നാണ് തരൂർ ചോദിച്ചത്. ഇതിന് മറുപടിയായാണ് വി ഡി സതീശൻ പ്രതികരിച്ചതും.
വീണ്ടും മത്സരിക്കാൻ താൽപ്പര്യമെന്ന് കെ മുരളീധരൻ
ലോക്സഭയിലേക്ക് വീണ്ടും മത്സരിക്കാൻ താൽപ്പര്യമുണ്ടെന്ന് കെ മുരളീധരൻ എംപി. ഇക്കാര്യം പാർടി നേതൃത്വത്തെ അറിയിച്ചതായും വടകര മണ്ഡലംതന്നെയാണ് താൽപ്പര്യമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. എവിടെ മത്സരിക്കണമെന്നത് സ്വയം തീരുമാനിക്കേണ്ടതല്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണത്തിന് പിന്നാലെയാണിത്. നിയമസഭയിലേക്കാണ് മത്സരിക്കുകയെന്ന ടി എൻ പ്രതാപൻ എംപിയുടെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന്, ആര് മത്സരിക്കണം മത്സരിക്കേണ്ട എന്നത് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും മുരളീധരൻ പറഞ്ഞു.