തിരുവനന്തപുരം
കേരളത്തിന് അവകാശപ്പെട്ട കടമെടുപ്പ് പരിധി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാരിന്റെ പ്രതികാര നടപടി. പതിനഞ്ചാം ധന കമീഷൻ അനുവദിച്ച 15,010 കോടി രൂപയാണ് സാമ്പത്തിക വർഷാന്ത്യത്തിൽ കേന്ദ്രം തടഞ്ഞുവയ്ക്കുന്നത്. ഇത് ബജറ്റ് പദ്ധതികളെ സാരമായി ബാധിക്കും. നടപ്പ് സാമ്പത്തിക വർഷത്തിൽ 32,439 കോടി രൂപയുടെ കടമെടുപ്പിനാണ് കേരളത്തിന് അർഹത. ഡിസംബർവരെ കേന്ദ്രം അനുവദിച്ചത് 17,429 കോടിയും. നാലാംപാദത്തിൽ ലഭിക്കേണ്ട തുകയിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. പരിധിയിൽനിന്ന് 24,638 കോടി രൂപ കുറയ്ക്കണമെന്നാണ് കേന്ദ്രം വാശിപിടിക്കുന്നത്. ഒപ്പം പിഎഫ്, കിഫ്ബി, സോഷ്യൽ സെക്യൂരിറ്റി പെൻഷൻ കമ്പനി തുടങ്ങിയവയ്ക്കായി എടുത്ത വായ്പയുടെ നാലിലൊന്ന് (3140 കോടി) സംസ്ഥാനത്തിന്റെ വായ്പാ പരിധിയിൽ ഉൾപ്പെടുമെന്നാണ് നിലപാട്.
അടുത്ത സാമ്പത്തികവർഷം സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കാനുള്ള എല്ലാ നീക്കവും കേന്ദ്രം തുടങ്ങി. റവന്യൂ കമ്മി ഗ്രാന്റ് 8425 കോടി, പൊതുകണക്കിലെ 11,000 കോടി, ജിഎസ്ടി നഷ്ടപരിഹാരമായി ലഭിച്ചിരുന്ന 10,000 കോടിയടക്കം നൽകില്ല. ഇതെല്ലാം സംസ്ഥാനത്തെ വികസനത്തെ തടയുക ലക്ഷ്യമിട്ടാണ്.