തിരുവനന്തപുരം
പുതുതലമുറ കോഴ്സിനും കൂടുതൽ സ്ഥാപനങ്ങൾക്കും പട്ടികജാതി–-പട്ടികവർഗ വിഭാഗം സ്കോളർഷിപ്. ഇതിന് അർഹതയുള്ള വിദ്യാർഥികൾക്ക് ഫീസ് മുൻകൂട്ടി അടയ്ക്കാതെയുള്ള ഫ്രീഷിപ്പ് കാർഡ് ഏർപ്പെടുത്താനും സർക്കാർ ഉത്തരവായി. ഐഐടി, കൽപ്പിത സർവകലാശാല, സിഎ/ഐസിഡബ്ലുഎ/സിഎഫ്എ/സിജി എന്നിവിടങ്ങളിലാണ് സ്കോളർഷിപ് ലഭിക്കുക. സർക്കാർ അംഗീകരിച്ച സ്വകാര്യ സർവകലാശാലയിലും, വൊക്കേഷണൽ ട്രെയിനിങ് സ്ഥാപനത്തിലും മെറിറ്റിലും റിസർവേഷനിലും പ്രവേശനം നേടുന്നവർക്കും ഇത് ലഭിക്കും. ഒരു കോഴ്സിന് ഒരിക്കൽ മാത്രം വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. സംസ്ഥാനത്തിന് പുറത്തുള്ള പഠനത്തിന് മെറിറ്റ് -റിസർവേഷൻ അടിസ്ഥാനത്തിൽ പ്രവേശനം നേടിയവർക്കാകും അർഹത. വിദൂര -ഓൺലൈൻ- പാർട്ട് ടൈം- ഈവനിങ് കോഴ്സിനുള്ള ട്യൂഷൻ ഫീസും ലഭിക്കും.
പിഎച്ച്ഡി, എംഫിൽ, എംടെക്, എംലിറ്റ് കോഴ്സിന് യുജിസി – ഗേറ്റ് പാസാകാത്തവർക്ക് യുജിസി തുകയുടെ 75 ശതമാനം ഫെലോഷിപ്പും കണ്ടിൻജന്റ് ഗ്രാന്റുമായി നൽകും. സംസ്ഥാന സർക്കാർ വിതരണംചെയ്യുന്ന ലപ്സംഗ്രാന്റ്, സ്റ്റൈപെൻഡ്, പോക്കറ്റ് മണി എന്നിവ സ്റ്റേറ്റ് അക്കാദമിക് അലവൻസ് എന്ന പേരിൽ ഒറ്റത്തവണയായി നൽകും. ഇ- ഗ്രാന്റ്സ് പോർട്ടൽ മുഖേനയാകും നൽകുകഎന്നും മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. 2009നു ശേഷം ആദ്യമായാണ് സ്കോളർഷിപ്പിൽ പരിഷ്കരണം കൊണ്ടുവരുന്നത്.