തിരുവനന്തപുരം
അവശരും അശരണരുമായ അറുപത് ലക്ഷത്തിൽപ്പരമാളുകൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന ക്ഷേമപെൻഷൻ മുടക്കാൻ കേന്ദ്ര സർക്കാർ നീക്കം. പ്രതിമാസ പെൻഷൻ വിതരണം ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ സ്ഥാപിച്ച സംസ്ഥാന സാമൂഹ്യസുരക്ഷാ പെൻഷൻ കമ്പനിയുടെ വായ്പയെല്ലാം കടമെടുപ്പ് അവകാശത്തിൽനിന്ന് കുറയ്ക്കുകയാണ് കേന്ദ്രം. ഇങ്ങനെ ധനസമാഹരണ മാർഗങ്ങൾ തടസ്സപ്പെടുത്തുന്നു.
യുഡിഎഫ് സർക്കാർ പെൻഷൻ 24 മാസംവരെ കുടിശ്ശികയാക്കിയിരുന്നു. കോവിഡ്വരെ ഓണം, ക്രിസ്മസ്, വിഷു ആഘോഷങ്ങൾക്ക് മുമ്പായി മൂന്നോ- നാലോ മാസത്തെ പെൻഷൻ നൽകും. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രയാസങ്ങൾ കണക്കിലെടുത്ത് കഴിഞ്ഞ എൽഡിഎഫ് സർക്കാർ തുകവിതരണം എല്ലാമാസവുമാക്കി. ഇതിന് പ്രതിമാസം ആവശ്യമുള്ള 800 കോടിയോളം രൂപ കണ്ടെത്താനാണ് പെൻഷൻ ഫണ്ട് കമ്പനി രൂപീകരിച്ചത്.
ട്രഷറിയിൽ പണം ഇല്ലാതെവന്നാൽ പെൻഷൻ കമ്പനി താൽക്കാലിക വായ്പയിലൂടെ തുക കണ്ടെത്തും. ഒന്നുരണ്ടു മാസത്തിൽ പണം ലഭിക്കുന്ന മുറയ്ക്ക് തിരിച്ചുനൽകും. ഈ വായ്പയെല്ലാം സർക്കാരിന്റെ ബജറ്റിന് പുറത്തുള്ള വായ്പയായി കണക്കാക്കുകയാണ് കേന്ദ്രം. കഴിഞ്ഞവർഷം പലതവണയായി പെൻഷൻ കമ്പനി വായ്പയെടുത്ത 7000 കോടി രൂപയിൽ 6000 കോടിയും തിരിച്ചടച്ചു. 1000 കോടി മാത്രമാണ് യഥാർഥ വായ്പാ കണക്കിൽ.
എന്നാൽ, 7000 കോടിയും പൊതുവായ്പയിൽനിന്ന് വെട്ടുമെന്നാണ് കേന്ദ്ര നിലപാട്. ഇതോടെ കമ്പനിക്ക് താൽക്കാലിക വായ്പയും ലഭ്യമാകാതായി. ട്രഷറിയിൽ പണം ഉണ്ടെങ്കിൽ പെൻഷൻ നൽകിയാൽ മതിയെന്നാണ് കേന്ദ്രം പറയുന്നത്.