ന്യൂഡൽഹി
ഉത്തരാഖണ്ഡിൽ ജോഷിമഠിനു പുറമെ കർണപ്രയാഗിലും കെട്ടിടങ്ങളിൽ വിള്ളൽ. കർണപ്രയാഗിലെ ബഹുഗുണ നഗറിൽ 50 വീടിനും അപ്പർബസാർ വാർഡിൽ 30 വീടിനും വിള്ളൽ വീണു. മണ്ണിടിച്ചിൽ സംഭവിക്കുന്നതായും റിപ്പോർട്ട്. കർണപ്രയാഗിലും വിദഗ്ധ സംഘം പരിശോധനയ്ക്കെത്തും.
ഹരിദ്വാറിൽനിന്ന് ബദരിനാഥിലേക്കുള്ള പാതയിൽ ജോഷിമഠ് എത്തുന്നതിന് 80 കിലോമീറ്റർ മുമ്പായാണ് കർണപ്രയാഗ്. അളകനന്ദാ നദിയും പിണ്ഡോർ നദിയും സംഗമിക്കുന്ന ഇടം. കൂടുതൽ മേഖലയിലേക്ക് പ്രശ്നം വ്യാപിച്ചതോടെ ഉത്തരാഖണ്ഡിലെ ഉയർന്ന മേഖലകളിലാകെ ആശങ്ക പടരുകയാണ്.
ഭൂമി ഇടിഞ്ഞുതാഴ്ന്ന കെട്ടിടങ്ങൾക്കും റോഡുകൾക്കും മറ്റും വിള്ളൽ വീഴുന്ന ജോഷിമഠിൽ അപകടനില മാറ്റമില്ലാതെ തുടരുന്നു. കൂടുതൽ കെട്ടിടങ്ങൾക്ക് വിള്ളൽ വീണതായി കണ്ടെത്തി. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ബുള്ളറ്റിൻ പ്രകാരം ജോഷിമഠിൽ 723 കെട്ടിടങ്ങൾക്ക് വിള്ളൽ വീണു. ഇതിൽ 86 കെട്ടിടം അങ്ങേയറ്റം അപകടനിലയിലാണ്. നഗരത്തിലെ രണ്ട് പ്രധാന ഹോട്ടലുകളും പൊളിച്ചുകളയും. നഷ്ടപരിഹാരം നിശ്ചയിക്കാതെയുള്ള പൊളിക്കൽ നീക്കത്തിൽ മേഖലയിൽ പ്രതിഷേധം ശക്തമാണ്.അതേസമയം, ജോഷിമഠിലെ സ്ഥിതിവിശേഷത്തിൽ അടിയന്തര ഇടപെടലിന് സുപ്രീംകോടതി വിസമ്മതിച്ചു.