മലപ്പുറം> കോട്ടയം കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്നത്തിൽ ഉന്നതതല സമിതി റിപ്പോർട്ട് കിട്ടിയാലുടൻ മുഖ്യമന്ത്രിയുമായി ചർച്ചചെയ്ത് നടപടിയെടുക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു. മുൻ നിയമസഭാ സെക്രട്ടറി ഡോ. എൻ കെ ജയകുമാർ, മുൻ ചീഫ് സെക്രട്ടറി ഡോ. കെ ജയകുമാർ എന്നിവരടങ്ങുന്ന സമിതി വെള്ളിയാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കുമെന്ന് അറിയിച്ചെന്നും മന്ത്രി മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ മറുപടി നൽകി.
പ്രശ്ന പരിഹാരത്തിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച കമീഷൻ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഉന്നതതല സമിതിയെ നിയോഗിക്കണമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ അടൂർ ഗോപാലകൃഷ്ണനാണ് മുഖ്യമന്ത്രിയോട് അഭ്യർഥിച്ചത്. ഇൻസ്റ്റിറ്റ്യൂട്ടിലെത്തി ബന്ധപ്പെട്ടവരുമായെല്ലാം സമിതി അംഗങ്ങൾ സംസാരിച്ചിട്ടുണ്ട്.
അനുഭവസമ്പത്ത് പരിഗണിച്ചാണ് ശങ്കർമോഹനെ ഡയറക്ടർ സ്ഥാനത്ത് തുടരാൻ അനുവദിച്ചത്. പ്രായപരിധി ലംഘിച്ചിട്ടുണ്ടോ എന്ന് കമീഷൻ പരിശോധിക്കും. വിദേശ സർവകലാശാലകൾക്ക് അനുമതി നൽകുന്ന കേന്ദ്രനയത്തിൽ വിശദ പരിശോധന ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.