ഗുവാഹത്തി
ഒമ്പത് മാസങ്ങൾക്കപ്പുറം വേദിയാകുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് മുന്നിൽക്കണ്ട് ഇന്ത്യ തയ്യാറെടുക്കുന്നു. ശ്രീലങ്കയ്ക്കെതിരായ മൂന്ന് മത്സര പരമ്പരയ്ക്ക് ഇന്ന് തുടക്കമാകുമ്പോൾ മനസ്സ് ലോകകപ്പിലാണ്. മികച്ച ടീമിനെ ഒരുക്കുക എന്നതാണ് ലക്ഷ്യം. ഗുവാഹത്തിയിൽ പകൽ ഒന്നരയ്ക്കാണ് പോരാട്ടം. ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോഹ്ലി, ലോകേഷ് രാഹുൽ എന്നീ പ്രധാന കളിക്കാരെല്ലാം ഇന്ത്യൻ നിരയിൽ തിരിച്ചെത്തി. ജസ്പ്രീത് ബുമ്ര അവസാന നിമിഷം പുറത്തായത് തിരിച്ചടിയാണ്.
ട്വന്റി 20 പരമ്പരയിലെ മിന്നുംജയത്തിനുപിന്നാലെയാണ് ലങ്കയ്ക്കെതിതെ ഇന്ത്യ ഏകദിനത്തിനിറങ്ങുന്നത്. പതിവുപോലെ ആദ്യ പതിനൊന്നിനെ തെരഞ്ഞെടുക്കുക എന്നതാണ് ഇത്തവണയും വെല്ലുവിളി. ലോകകപ്പിനുമുമ്പ് 15 മത്സരങ്ങളാണ് ഇന്ത്യക്കുള്ളത്. ലങ്കയ്ക്കെതിരെ ഓപ്പണിങ് പങ്കാളിയായി ശുഭ്മാൻ ഗില്ലാകും കളത്തിൽ എത്തുകയെന്ന് രോഹിത് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ബംഗ്ലാദേശിനെതിരായ അവസാന ഏകദിനത്തിൽ 210 റണ്ണടിച്ച ഇഷാൻ കിഷൻ പുറത്തിരിക്കും. മൂന്നാം നമ്പറിൽ കോഹ്ലിയും ഉറപ്പാണ്.
മധ്യനിരയിൽ ആരെ കൊള്ളുമെന്നും തള്ളുമെന്നുമാണ് ആശങ്ക. സൂര്യകുമാർ യാദവോ ശ്രേയസ് അയ്യരോ പുറത്തിരിക്കണം. കളിജീവിതത്തിലെ ഏറ്റവും മികച്ച കാലത്താണ് ഇരുവരും. ട്വന്റി 20യിലാണ് സൂര്യ വാണത്. മൂന്ന് സെഞ്ചുറികളാണ് ഈ സീസണിൽ നേടിയത്. ശ്രേയസാകട്ടെ കഴിഞ്ഞവർഷം 15 ഏകദിനത്തിൽ 724 റണ്ണടിച്ചു. വിക്കറ്റ് കീപ്പർകൂടിയായ രാഹുൽ അഞ്ചാം നമ്പറിലാകും ഇറങ്ങുക. പിന്നാലെ പുതിയ വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും. അക്സർ പട്ടേലും കുൽദീപ് യാദവുമാകും സ്പിന്നർമാർ.
പരിചയസമ്പന്നനായ മുഹമ്മദ് ഷമിക്കൊപ്പം മുഹമ്മദ് സിറാജും അർഷ്ദീപ് സിങ്ങും ഉൾപ്പെടും. ദാസുൺ ഷനകയുടെ ലങ്ക നിസ്സാരക്കാരല്ല. ഓപ്പണർ പതും നിസങ്കയാണ് ശക്തി. അവസാന 11 കളിയിൽ 491 റണ്ണാണ് ഈ വലംകൈയൻ ലങ്കയ്ക്കായി നേടിയത്. സ്പിന്നർ ജെഫ്രി വാൻഡെർസെയും തുരുപ്പുചീട്ടാകും.
ഇന്ത്യ
രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്/ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ്.
ശ്രീലങ്ക
കുശാൽ മെൻഡിസ്, പതും നിസങ്ക, അവിഷ്ക ഫെർണാണ്ടോ, ചരിത് അസലങ്ക, ധനഞ്ജയ ഡി സിൽവ, ദാസുൺ ഷനക (ക്യാപ്റ്റൻ), വണിന്ദു ഹസരങ്ക, ജെഫ്രി വാൻഡെർസെ, ചാമിക കരുണരത്നെ, പ്രമോദ് മധുഷൻ, കസുൺ രജിത.