തളിപ്പറമ്പ്
കലാലയ ഹൃദയങ്ങളിൽ ജ്വലിക്കുന്ന ഓർമയായ ധീരജിന്റെ രക്തസാക്ഷിത്വത്തിന് ചൊവ്വാഴ്ച ഒരുവർഷം. 2022 ജനുവരി പത്തിനാണ് ഇടുക്കി പൈനാവ് ഗവ. എൻജിനിയറിങ് കോളേജിൽ കെഎസ്യു യൂത്ത് കോൺഗ്രസ് അക്രമികൾ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രനെ കുത്തിക്കൊന്നത്. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയപ്പകയിലായിരുന്നു അരുംകൊല.
ധീരജിന്റെ ജന്മനാടായ തളിപ്പറമ്പിൽ, ഒന്നാം രക്തസാക്ഷിത്വ വാർഷികത്തിന്റെ ഭാഗമായി ചൊവ്വ വൈകിട്ട് നാലിന് എസ്എഫ്ഐ ജില്ലാ കമ്മിറ്റി വിദ്യാർഥിറാലിയും അനുസ്മരണസമ്മേളനവും നടത്തും. പ്ലാസ ജംങ്ഷൻ കേന്ദ്രീകരിച്ചാണ് നാലായിരം പേരുടെ വളന്റിയർ മാർച്ചും ദീപശിഖാ റാലിയും. വിദ്യാർഥി റാലിക്കുശേഷം ധീരജിന്റെ വീടിനുസമീപം രക്തസാക്ഷിസ്തൂപം അനാഛാദനവും അനുസ്മരണ സമ്മേളനവും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനംചെയ്യും. ജില്ലാ സെക്രട്ടറി എം വി ജയരാജൻ, എസ്എഫ്ഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ്, അഖിലേന്ത്യാ വൈസ് പ്രസിഡന്റ് നിതീഷ് നാരായണൻ, സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ എന്നിവർ പങ്കെടുക്കും.