ഒറ്റപ്പാലം
സാമ്പത്തിക ക്രമക്കേട് കേസിൽ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി ഉത്തരവുമായി ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിലെത്തിയ മുൻ ബാങ്ക് മാനേജർ മറ്റൊരു തട്ടിപ്പ് കേസിൽ അറസ്റ്റിൽ. എറണാകുളം കാക്കനാട് ഐഎംജി ജങ്ഷൻ ഡിവൈൻ ഫസ്റ്റ് അവന്യു ബൻസാരിയിൽ രമേഷ് വിശ്വനാഥനെ(56)യാണ് അറസ്റ്റ് ചെയ്തത്.
സാമ്പത്തികതട്ടിപ്പ് നടത്തിയെന്ന ഒറ്റപ്പാലം സ്വദേശി സുരേഷ് ഉണ്ണി നായരുടെ പരാതിയിലാണ് അറസ്റ്റ്. എറണാകുളത്തെ ധനകാര്യസ്ഥാപനത്തിന്റെ ചെയർമാനെന്ന് തെറ്റിദ്ധരിപ്പിച്ച് സുരേഷിൽനിന്ന് പത്ത് ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. പന്ത്രണ്ടര ശതമാനം പലിശ നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു പണം തട്ടിയതെന്ന് പൊലീസ് പറഞ്ഞു. നേരത്തേ രമേഷ് ജോലി ചെയ്തിരുന്ന ഒറ്റപ്പാലത്തെ പൊതുമേഖല ബാങ്കിൽ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന കേസിൽ ഇയാളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. 2018––19 വർഷത്തിൽ ഇയാൾ ബാങ്കിന്റെ ശാഖയിൽ മാനേജറായിരുന്നപ്പോഴാണ് 21.27 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയത്. മാനദണ്ഡം പാലിക്കാതെ വായ്പകൾ നൽകുകയായിരുന്നു. കോടതി ഉത്തരവ് പ്രകാരം തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാകണമായിരുന്നു. ഇതിന് എത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്.