ആലുവ
കേരളത്തിന്റെ സാമൂഹ്യമുന്നേറ്റത്തിലെ ആദ്യശബ്ദം ഉയർത്തിയത് ആറാട്ടുപുഴ വേലായുധപ്പണിക്കരായിരുന്നുവെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ. അവിടെനിന്നാണ് സാമൂഹ്യപുരോഗതി ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആലുവ അദ്വൈതാശ്രമത്തിന്റെയും സാമൂഹിക മുന്നേറ്റ മുന്നണിയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ആറാട്ടുപുഴ വേലായുധപ്പണിക്കർ രക്തസാക്ഷിദിന അനുസ്മരണത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സാംസ്കാരികമന്ത്രി വി എൻ വാസവൻ പരിപാടി ഉദ്ഘാടനം ചെയ്തു.
ജാതീയതയുടെ ഉച്ചനീചത്വത്തിനെതിരെയും അധമ സംസ്കാരത്തിനെതിരെയും പോരാടിയവരുടെ വീക്ഷണങ്ങൾ സമൂഹം ഉയർത്തിപ്പിടിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
സാമൂഹ്യ മുന്നേറ്റ മുന്നണി ചെയർമാൻ കെ പി അനിൽദേവ് അധ്യക്ഷനായി. സ്വാമി ശുഭാംഗാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. എസ്എൻഡിപി യോഗം പ്രസിഡന്റ് ഡോ. എം എൻ സോമൻ, ഡോ. അബ്ദുസമദ് സമദാനി എംപി, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സിനിമ സംവിധായകൻ വിനയൻ, ഫാ. ഡേവിസ് ചിറമേൽ എന്നിവർക്ക് ആറാട്ടുപുഴ വേലായുധപ്പണിക്കർ നവോത്ഥാന പ്രതിഭാ പുരസ്കാരം സമ്മാനിച്ചു. ‘19––ാം നൂറ്റാണ്ട് ’സിനിമ പ്രവർത്തകരെ അനുമോദിച്ചു.
സ്വാമി ധർമ ചൈതന്യ നവോത്ഥാന സന്ദേശം നൽകി. ജെബി മേത്തർ എംപി, എംഎൽഎമാരായ അൻവർ സാദത്ത്, റോജി എം ജോൺ, നഗരസഭാ ചെയർമാർ എം ഒ ജോൺ, കേരള ദളിത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി രാമഭദ്രൻ, എ എൻ രാധാകൃഷ്ണൻ, സാമൂഹ്യ മുന്നേറ്റ മുന്നണി ജനറൽ സെക്രട്ടറി ഡോ. ബി അബ്ദുൾ സലാം തുടങ്ങിയവർ സംസാരിച്ചു.