തിരുവനന്തപുരം
കഥാരംഗത്ത് എന്നും പൂക്കുന്ന പൂമരമാണ് ടി പത്മനാഭനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഏഴു പതിറ്റാണ്ടിനിപ്പുറവും കഥയെഴുത്തിൽ അദ്ദേഹത്തിന്റെ തലയെടുപ്പിനെ വെല്ലാൻ ആർക്കും കഴിയില്ല എന്ന് തെളിയിക്കുന്നതാണ് ഏറ്റവും പുതിയ കൃതിയും. തുടക്കത്തിലെ സർഗശേഷി ഓരോ വർഷം കഴിയുംതോറും മിനുങ്ങുന്നതല്ലാതെ, മങ്ങുന്നില്ല. ആദ്യകാല കഥകളിലെ പ്രതിഭയുടെ തിളക്കം അതേക്കാളുപരിയായി ഏറ്റവും പുതിയ കഥകളിലും കാണാനാകും. നിയമസഭാ ലൈബ്രറി പ്രഥമ പുരസ്കാരം ടി പത്മനാഭന് സമ്മാനിക്കുകയായിരുന്നു മുഖ്യമന്ത്രി.
ചെറുകഥകൾകൊണ്ടുതന്നെ മലയാളത്തിന്റെ മഹാകഥാകാരനാകാൻ അദ്ദേഹത്തിനു കഴിഞ്ഞു. ലോകത്തിന്റെ തിന്മകളെയും അസ്വാസ്ഥ്യങ്ങളെയും അസഹിഷ്ണുതകളെയും അദ്ദേഹം കഥകളിൽ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ, അത്തരം ജീവിത മുഹൂർത്തങ്ങൾകൂടി മനസ്സിനെ ശുദ്ധീകരിച്ച് സ്വസ്ഥമാക്കും വിധമാണ് അവതരിപ്പിച്ചത്. അവയിലും ഉയർന്നുനിൽക്കുന്നത് മാനവികമായ നന്മയും പ്രകാശവുമാണ്. അതുകൊണ്ടാണ് പത്മനാഭൻ കലാരംഗത്തും അനുവാചകരുടെ ഹൃദയരംഗത്തും എന്നും ഉയർന്നുനിൽക്കുന്നത്. രാജ്യത്തിന്റെ ഭരണഘടനാമൂല്യങ്ങൾ അപകടത്തിലാകുന്ന ഘട്ടത്തിൽ മൂർച്ചയുള്ള വാക്കും തീർച്ചയുള്ള നിലപാടുമായി അദ്ദേഹം സമൂഹത്തിന്റെ മനസ്സിനൊത്ത് നിന്നു. അതിനുള്ള ആദരമാണ് ഭരണഘടനാ മുല്യങ്ങളിൽ ഊന്നിനിൽക്കുന്ന നിയമനിർമാണ സഭയുടെ അങ്കണത്തിൽ നൽകുന്ന പുരസ്കാരമെന്നും മുഖ്യമന്ത്രി പറഞ്ഞു.