കാസർകോട്
കോളേജ് വിദ്യാർഥിനി മരിച്ചത് ഭക്ഷ്യവിഷബാധമൂലമല്ലെന്ന് വ്യക്തമായതോടെ തകർന്നടിഞ്ഞത് സംസ്ഥാന സർക്കാരിനും ആരോഗ്യവകുപ്പിനുമെതിരെയുള്ള പ്രതിപക്ഷ ആക്ഷേപങ്ങൾ. അഞ്ജുശ്രീയുടെ മരണം സർക്കാരിനെതിരെയുള്ള ആയുധമാക്കിയ മാധ്യമങ്ങൾക്കും തിരിച്ചടിയായി.
മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പെൺകുട്ടി മരിച്ചതോടെ ഭക്ഷ്യവിഷബാധയാണ് കാരണമെന്ന് പ്രചരിപ്പിച്ചത് ന്യൂസ് ചാനലുകളാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലൂടെയേ മരണകാരണം സ്ഥിരീകരിക്കാനാകൂവെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ വ്യക്തമാക്കിയിരുന്നു. വീട്ടുകാർ കുഴിമന്തിയും മറ്റും വാങ്ങിയ കാസർകോട് അടുക്കത്ത്ബയലിലെ ഹോട്ടലിൽനിന്ന് പിടിച്ചെടുത്ത ഭക്ഷ്യവസ്തുക്കൾ കോഴിക്കോട് മലാപ്പറമ്പിലെ മേഖലാ ലാബിലേക്കയച്ചിരുന്നു. പരിശോധനാഫലം വരുന്നതിനുമുമ്പേ മാധ്യമങ്ങളും പ്രതിപക്ഷവും സംഭവം സംസ്ഥാന സർക്കാരിന്റെ വീഴ്ചയാക്കി മാറ്റി. കോൺഗ്രസുകാർ ജില്ലാ മെഡിക്കൽ ഓഫീസിൽ റീത്തുവച്ചു. ആരോഗ്യമേഖല അമ്പേ പരാജയമെന്നമട്ടിൽ യുഡിഎഫും ബിജെപിയും പ്രതിഷേധ കോലാഹാലം നടത്തി. മാധ്യമങ്ങൾ ചാനൽചർച്ചകളും ലീഡ് വാർത്തകളും സവിസ്തര ലേഖനങ്ങളും നിരത്തി. ആരോഗ്യവകുപ്പിനെ താറടിക്കുകയായിരുന്നു ലക്ഷ്യം.
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വിഷം അകത്തുചെന്നാണ് മരണമെന്നാണ് സൂചന. കരളിന്റെ പ്രവർത്തനം നിശ്ചലമായതായും കണ്ടെത്തി. കൂടുതൽ വിവരങ്ങൾക്കായി കോഴിക്കോട് മേഖലാ ഫോറൻസിക് ലാബിൽനിന്ന് ആന്തരികാവയവങ്ങളുടെ പരിശോധനാഫലം കാത്തിരിക്കുകയാണ് പൊലീസ്. ആത്മഹത്യയെന്ന് സംശയിക്കുന്ന രേഖകളും ഡിജിറ്റൽ തെളിവുകളും പെൺകുട്ടിയുടെ വീട്ടിൽനിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. വീട്ടുകാരുടെയും പോസ്റ്റ്മോർട്ടം ചെയ്ത ഫോറൻസിക് സർജന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവം അറിഞ്ഞിട്ടും ബന്ധുക്കൾ മറച്ചുവച്ചോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.