കൊച്ചി
നെല്ലിയാമ്പതി റേഞ്ചിലെ കാരപ്പാറ എസ്റ്റേറ്റിൽനിന്ന് മരങ്ങൾ വെട്ടിക്കടത്തിയ കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥരടക്കമുള്ള പ്രതികളെ വെറുതെവിട്ട കോഴിക്കോട് വിജിലൻസ് കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി.
എസ്റ്റേറ്റ് എംഡി പി വി മജീദ്, മാനേജർ പി മുഹമ്മദ്, കോഴിക്കോട് ഡിഫ്ഒ പി ബി ശ്രീകുമാർ, നെല്ലിയാമ്പതി ഫോറസ്റ്റ് റേഞ്ച് ഓഫീസർ എം കെ മൻമോഹൻ, ഗാർഡുമാരായ കെ വി സുഭാഷ്, ജയലബുദീൻ, രാമകൃഷ്ണൻനായർ, സി കണ്ടൻ, കെ ഗോവിന്ദൻ, എ പ്രേമകുമാരൻ എന്നിവരാണ് പ്രതികൾ. വിജിലൻസിന്റെയും പ്രതികളുടെയും വാദം വീണ്ടുംകേട്ട് മൂന്നുമാസത്തിനുള്ളിൽ തീർപ്പാക്കാനും ജസ്റ്റിസ് കെ ബാബു വിജിലൻസ് കോടതിയോട് ഉത്തരവിട്ടു. കേസിൽ സ്പെഷ്യൽ ഗവ. പ്ലീഡർ എ രാജേഷ് ഹാജരായി.
വിജിലൻസ് കോടതി ഉത്തരവിനെതിരെ വിജിലൻസാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. പാട്ടത്തിനുനൽകിയ എസ്റ്റേറ്റിൽ കാറ്റിലും മഴയിലും ഒടിഞ്ഞുവീണതും കേടുവന്നതുമായ 1000 മരങ്ങൾ വെട്ടിനീക്കാൻ 1992ൽ ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഇതിന്റെ മറവിൽ പാട്ടക്കാർ വനംവകുപ്പ് ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തി കൂടുതൽ മരങ്ങൾ മുറിച്ചെന്നായിരുന്നു വിജിലൻസിന്റെ കണ്ടെത്തൽ. ഇതിൽ 280 മരം കേടില്ലാത്തതായിരുന്നുവെന്നും കണ്ടെത്തിയാണ് വിജിലൻസ് കേസെടുത്ത് കോടതിയിൽ കുറ്റപത്രം നൽകിയത്. 2005ലാണ് വിജിലൻസ് കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയത്.