തിരുവനന്തപുരം
എൻഎസ്എസ് ജനറൽ സെക്രട്ടറിയും കോൺഗ്രസ് നേതാക്കളും തമ്മിലുള്ള വാക്ക്പോര് മുറുകുന്നു. കോൺഗ്രസ് നേതാക്കൾക്ക് എതിരായ പരാമർശത്തിന് ജനറൽ സെക്രട്ടറി സുകുമാരൻനായർക്ക് മറുപടിയുമായി തിങ്കളാഴ്ച രമേശ് ചെന്നിത്തലയും വി ഡി സതീശനും രംഗത്തെത്തി. ശശി തരൂരിനെ ഉയർത്തിക്കാട്ടാനുള്ള എൻഎസ്എസിന്റെയും കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെയും നീക്കത്തിന് തടയിടലാണ് ലക്ഷ്യം. യുഡിഎഫ് പരാജയപ്പെട്ടത് ചെന്നിത്തലയെ മുഖ്യമന്ത്രിയായി ഉയർത്തിക്കാണിച്ചതിനാലാണെന്നും സതീശന് അഹങ്കാരത്തിന്റെ ഭാഷയാണെന്നുമാണ് സുകുമാരൻ നായർ വിമർശിച്ചത്.
സ്ഥാനങ്ങൾ
പാർടി തന്നത്
എല്ലാ സ്ഥാനങ്ങളും കോൺഗ്രസ് നൽകിയതാണെന്നും പാർടിയാണ് വലുതെന്നും രമേശ് ചെന്നിത്തല. തന്നെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കി ഉയർത്തിയതുകൊണ്ട് തോറ്റുവെന്ന വാദം ശരിയല്ല. ഭൂരിപക്ഷം കിട്ടിയാൽ എംഎൽഎമാർ ചേർന്ന് മുഖ്യമന്ത്രിയെ തീരുമാനിക്കാമെന്നായിരുന്നു നിലപാട്. രാഷ്ട്രീയ പാർടികളിൽ സമുദായ നേതാക്കൾ ഇടപെടുന്നതു സംബന്ധിച്ച് അവർ തീരുമാനിക്കട്ടെ.
വർഗീയനീക്കം
ചെറുക്കും
തകർന്ന പാർടിയെ കരകയറ്റലാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രിയാകലല്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സമുദായ നേതാക്കൾക്ക് വിമർശിക്കാം. താനും തിരിച്ച് വിമർശിക്കാറുണ്ട്. എൻഎസ്എസ് ജനറൽ സെക്രട്ടറിക്ക് മറുപടി പറയാനില്ല. ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും വർഗീയതയ്ക്കുള്ള നീക്കം ചെറുക്കുമെന്നും സതീശൻ പറഞ്ഞു.