തിരുവനന്തപുരം
സംസ്ഥാന വ്യാപകമായി ഞായർ, തിങ്കൾ ദിവസങ്ങളിൽ ഭക്ഷ്യസുരക്ഷാവകുപ്പ് 641 ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പരിശോധന നടത്തി. ഞായറാഴ്ച 180 സ്ഥാപനത്തിലും തിങ്കളാഴ്ച 461 സ്ഥാപനത്തിലുമാണ് പരിശോധന നടന്നത്. വൃത്തിഹീനമായി പ്രവർത്തിച്ച 9 സ്ഥാപനവും ലൈസൻസ് ഇല്ലാതിരുന്ന 27 സ്ഥാപനവും അടപ്പിച്ചു. 188 സ്ഥാപനത്തിന് നോട്ടീസ് നൽകി. തിങ്കളാഴ്ച മാത്രം ആകെ 461 സ്ഥാപനത്തിൽ പരിശോധന നടന്നതിൽ 24 എണ്ണം പൂട്ടിച്ചു. ചൊവ്വാഴ്ച മുതലാണ് സംസ്ഥാനത്ത് പ്രത്യേക ഭക്ഷ്യസുരക്ഷാ പരിശോധന ആരംഭിച്ചത്.
ഹോട്ടൽ ഉടമകളടക്കം
3 പേർക്കെതിരെകൂടി കേസ്
ഭക്ഷ്യവിഷബാധയേറ്റ് മെഡിക്കൽ കോളേജ് നഴ്സ് രശ്മിരാജ് മരിച്ച കേസിൽ മലപ്പുറം കുഴിമന്തി (ഹോട്ടൽ പാർക്ക്) ഹോട്ടൽ ഉടമകളെയും പ്രതി ചേർത്തു. മരണം ഭക്ഷ്യവിഷബാധ മൂലമാണെന്ന് ഫോറൻസിക് പരിശോധനയിലും വ്യക്തമായ സാഹചര്യത്തിലാണിത്.
ഉടമയും ലൈസൻസിയുമായ കാസർകോട് ഇച്ചിലംപടി കൊറങ്കള വീട്ടിൽ എ ലത്തീഫ്(32), തിരൂർ നെല്ലിക്കൽ നൗഷാദ്, ബന്ധു മലപ്പുറം കരേക്കാട് പീലിത്തോട്ടിൽ റെയ്സ് എന്നിവർക്കെതിരെയാണ് കേസ്. നരഹത്യയടക്കമുള്ള വകുപ്പുകൾ ചേർക്കും. പ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയെന്ന് ജില്ലാ പൊലീസ് ചീഫ് കെ കാർത്തിക് പറഞ്ഞു. പ്രധാന പ്രതിയും ഉടമകളുടെ ബന്ധുവുമായ പാചകക്കാരൻ തിരൂർ മേൽമുറി പാലത്തിങ്കൽ പിലാത്തോട്ടത്തിൽ വീട്ടിൽ മുഹമ്മദ് സിറാജുദീനെ (20) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.