തിരുവനന്തപുരം (മല്ലുസ്വരാജ്യം നഗർ)> ന്യൂനപക്ഷങ്ങളെ ശത്രുക്കളായി കാണുന്ന ആർഎസ്എസ് നിലപാട് രാജ്യത്തെങ്ങും ഒന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ആർഎസ്എസിന് അവരുടെ തനിനിറം കാണിക്കാൻ സാധിക്കാത്തത് സമൂഹം ഒന്നടങ്കം ശക്തമായി നേരിടുമെന്ന അവസ്ഥയുള്ളതിനാലാണ്. അഖിലേന്ത്യാ മഹിളാ അസോസിയേഷൻ ദേശീയ സമ്മേളനത്തിന് സമാപനംകുറിച്ച് പുത്തരിക്കണ്ടം മൈതാനിയിൽ തയ്യാറാക്കിയ മല്ലു സ്വരാജ്യം നഗറിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് സ്ത്രീകൾക്കെതിരായ ഇരയധിക്ഷേപം (വിക്ടിം ഷെയ്മിങ്) വർധിക്കുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരു വേദേതിഹാസത്തിന്റെയും അടിസ്ഥാനത്തിലല്ല ന്യൂനപക്ഷങ്ങളെ ശത്രുക്കളായി കാണുന്ന നിലപാട് ആർഎസ്എസ് സ്വീകരിക്കുന്നത്. ഹിറ്റ്ലറുടെ നാസിസമാണ് ഇതിന്റെ അടിസ്ഥാനം. കൂട്ടകശാപ്പാണ് ഹിറ്റ്ലറുടെ മാതൃക. അത് നടപ്പാക്കാമെന്നാണ് ആർഎസ്എസ് കരുതുന്നത്. എന്നാൽ, കേരളത്തിൽ ആർഎസ്എസിന്റെ വർഗീയ നീക്കങ്ങളെ നേരിട്ട് നിരവധിയാളുകൾക്ക് രക്തസാക്ഷിത്വം വരിക്കേണ്ടിവന്നു. മതന്യൂനപക്ഷങ്ങൾക്ക് നേരെ ആർഎസ്എസ് ആഗ്രഹിക്കുന്ന കാര്യങ്ങൾ നടത്താൻ കഴിയാത്ത മണ്ണാക്കി കേരളത്തെ മാറ്റാനാണ് അവർ ജീവൻ ബലിയർപ്പിച്ചത്. ആർഎസ്എസിന്റെ ന്യൂനപക്ഷ വിരോധം മുസ്ലീം വിഭാഗത്തിൽ മാത്രം ഒതുങ്ങുന്നതല്ല. ചില പ്രീണന നയങ്ങൾ സംഘപരിവാർ ഇപ്പോൾ കേരളത്തിൽ നടത്തുന്നുണ്ട്. അത് തിരിച്ചറിയണം. ആരാധനാ സ്വാതന്ത്ര്യം വിലക്കപ്പെടുകയാണ്. ക്രിസ്ത്യൻ പള്ളികൾ വലിയ തോതിൽ അക്രമിക്കപ്പെടുന്നു. കർണാടകയിൽ 2021 ക്രിസ്മസ് ദിനത്തിൽ പള്ളി അക്രമിക്കപ്പെട്ടു. ഇക്കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ ചത്തീസ്ഗഡിൽ ക്രിസ്ത്യൻ വിശ്വാസികളെ കൂട്ടത്തോടെ ആട്ടിയോടിക്കുന്ന സംഭവവുമുണ്ടായി.
ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ബിജെപി ശ്രമം. സ്ത്രീ സുരക്ഷയും ലിംഗപദവി സമത്വവുമെല്ലാം കേന്ദ്രം അട്ടിമറിക്കുകയാണ്. സ്ത്രീകൾക്കെതിരെ അതിക്രമം നടക്കുമ്പോൾ പോലും അവരെ പഴിക്കുന്ന ഇരയധിക്ഷേപ (വിക്ടിം ഷെയ്മിങ്) സംസ്കാരം രാജ്യത്ത് നിലനിൽക്കുകണ്. പുരുഷാധിപത്യ സമൂഹത്തെ കൂടുതൽ ശക്തിപ്പെടുത്തുന്ന ശ്രമങ്ങളാണ് ആർഎസ്എസ് നേതൃത്വം കൊടുക്കുന്ന ബിജെപി സർക്കാർ നടത്തുന്നത്. ബിൽക്കിസ് ബാനു കേസ് ഇതിനുദാഹരണമാണ്. കത്വയിൽ ആർഎസ്എസ് പ്രതികൾക്കായി റാലികൾ സംഘടിപ്പിച്ചു.
പൗരത്വം മതാടിസ്ഥാനത്തിലാക്കി ഒരു വിഭാഗം ജനങ്ങളെ ഭീതിയിലാഴ്ത്തുകയാണ്.
വിലക്കയറ്റവും തൊഴിലില്ലായ്മയും പിടിച്ചുനിർത്താൻ കേരളം ബദൽ മാതൃകകളാണ് സ്വീകരിക്കുന്നത്. ക്ഷേമ പദ്ധതികൾ ജനങ്ങളുടെ അവകാശമായാണ്, അല്ലാതെ ആരെങ്കിലും കനിഞ്ഞു നൽകിയ സൗജന്യമായുള്ള കാണുന്നത്. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ജെൻഡർ ബജറ്റ് നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളമെന്നും അതു കൂടി ഉൾച്ചേരുന്നതാണ് നവകേരളമെന്നും പിണറായി പറഞ്ഞു.