ന്യൂഡൽഹി
കത്വയിൽ ക്ഷേത്രത്തിനുള്ളിൽ എട്ടു വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസിൽപ്രായപൂർത്തിയായവ്യക്തിയെന്ന് സുപ്രീംകോടതി വിധിച്ച പ്രതിക്കെതിരെയും കുറ്റപത്രം സമർപ്പിച്ചു. പ്രതി ശുഭം സാങ്രയ്ക്കെതിരായി ജമ്മു -കശ്മീർ പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗമാണ് കത്വ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. പ്രതികൾക്കായി സംഘപരിവാറുകാർ പരസ്യമായി രംഗത്തുവന്നിരുന്നു.
2018 ജനുവരി 11നാണ് കത്വയിൽ എട്ടുവയസ്സുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. പ്രതികളെ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥരടക്കം എട്ടു പേരായിരുന്നു പ്രതികൾ. പെൺകുട്ടിക്ക് ക്ലോണാസെപാം എന്ന ഗുളിക അമിതമായ അളവിൽ നൽകി അബോധാവസ്ഥയിലേക്ക് എത്തിച്ചതടക്കം കൃത്യത്തിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയാണ് ശുഭം സാങ്ര. എന്നാൽ, ഇയാൾ മൈനറാണെന്ന വാദമാണ് ബന്ധുക്കളും മറ്റും ഉയർത്തിയത്.
ജനന സർട്ടിഫിക്കറ്റിന്റെ കാര്യത്തിൽ പല പാകപ്പിഴകളും അന്വേഷണത്തിൽ കണ്ടെത്തി. മെഡിക്കൽ വിദഗ്ധരുടെ പരിശോധനയിൽ ശുഭം സാങ്രയ്ക്ക് 19നും 23നും ഇടയിലാണ് പ്രായമെന്ന് കണ്ടെത്തി. അത് സുപ്രീംകോടതി ശരിവക്കുകയായിരുന്നു.
കേസിന്റെ വിചാരണ നടപടികൾ ജമ്മുവിനു പുറത്ത് പഞ്ചാബിലെ പത്താൻകോട്ടിലേക്ക് സുപ്രീംകോടതി നേരത്തേതന്നെ മാറ്റിയിരുന്നു. രണ്ടു പ്രതികൾക്ക് ജീവപര്യന്തമടക്കം ആറു പ്രതികൾക്ക് വിചാരണക്കോടതി ശിക്ഷ വിധിച്ചു. ഒരാളെമാത്രം തെളിവുകളുടെ അഭാവത്താൽ വിട്ടയച്ചു.