തിരുവനന്തപുരം> കാലാവസ്ഥാ വ്യതിയാനവും തൊഴിലില്ലായ്മയും ദേശീയ വിദ്യാഭ്യാസ നയവുമടക്കം ചർച്ച ചെയ്ത് മഹിളാ അസോസിയേഷൻ ദേശീയ സമ്മേളനം. സമ്മേളനത്തിൽ ആറ് കമീഷൻ പേപ്പറുകളാണ് അവതരിപ്പിച്ചത്. ആറ് ഗ്രൂപ്പുകളായി തിരിഞ്ഞാണ് പ്രതിനിധികൾ ചർച്ചകളിൽ പങ്കെടുത്തത്. ചർച്ച ക്രോഡീകരിച്ച ശേഷം പേപ്പറുകൾക്ക് അംഗീകാരം നൽകി.
‘കാലാവസ്ഥാ വ്യതിയാനവും സ്ത്രീകളും’ എന്ന വിഷയത്തിലെ പേപ്പറിൽ ഇന്നത്തെ സാഹചര്യങ്ങളിൽ വരുത്തേണ്ട നയപരമായ മാറ്റങ്ങളുടെ ആവശ്യകത വ്യക്തമാക്കുന്നു. കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന നിർണായക വെല്ലുവിളികൾ തിരിച്ചറിയപ്പെടുന്നതിനും ചർച്ച ചെയ്യപ്പെടാൻ ശ്രമിക്കുകയും അതിനായി വിപുലമായ ചർച്ചകൾ ഉയർത്തിക്കൊണ്ടു വരികയും ചെയ്യേണ്ടതുണ്ടെന്ന് പ്രബന്ധം പറയുന്നു.
‘ദേശീയ വിദ്യാഭ്യാസ നയം, 2020: സമത്വത്തിനായുള്ള സ്ത്രീകളുടെ പോരാട്ടത്തിന് ഒരു തിരിച്ചടി’ എന്ന പേപ്പർ ഭരണഘടനാ മൂല്യങ്ങൾ ഹനിക്കുന്ന സ്ത്രീ വിരുദ്ധമായ ദേശീയ വിദ്യാഭ്യാസ നയത്തെയും അതിന്റെ പുരുഷാധിപത്യ കാഴ്ചപ്പാടിനെയും തുറന്നുകാട്ടുന്നു. പ്രീ സ്കൂൾ വിദ്യാഭ്യാസം, ഐസിഡിഎസ്, സ്കൂൾ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, വിദ്യാഭ്യാസ മേഖലയിൽ പൊതു നിക്ഷേപം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത എന്നിങ്ങനെയുള്ള പ്രായോഗിക ആവശ്യങ്ങൾ മഹിളാ അസോസിയേഷൻ ഈ പ്രബന്ധത്തിൽ മുന്നോട്ടു വയ്ക്കുന്നു.
‘പെൺകുട്ടികളുടെ അവകാശങ്ങൾ’ എന്ന പേപ്പർ ലിംഗപദവിസമത്വം ഉൾക്കൊള്ളുന്നതിലുള്ള കാഴ്ചപ്പാട് ഏതൊരു രാജ്യത്തിന്റെയും വളർച്ചയിലും വികസനത്തിലും വളരെ നിർണായകമാണ് എന്ന കാഴ്ച്ചപ്പാടാണ് മുന്നോട്ടുവയ്ക്കുന്നത്. ‘ഇന്ത്യയിലെ സ്ത്രീ പ്രസ്ഥാനവും സ്വാതന്ത്ര്യ സമരവും’ എന്ന കമ്മീഷൻ പേപ്പർ, ഇടതുപക്ഷ സ്ത്രീ പ്രസ്ഥാനങ്ങളുടെ ചരിത്രവും പരിണാമവും രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരവും, ‘ജനാധിപത്യം, സമത്വം, സ്ത്രീ വിമോചനം’ എന്ന മഹിളാ അസോസിയേഷന്റെ മുദ്രാവാക്യങ്ങൾ രൂപം കൊള്ളുന്നതിൽ ചെലുത്തിയ സ്വാധീനവും വിശദമായി ചർച്ച ചെയ്യുന്നു.
‘സ്ത്രീകളുടെ അവകാശങ്ങളും ഐക്യത്തിന്റെ ആവശ്യവും ‘എന്ന പേപ്പർ മനുവാദി ഹിന്ദു രാഷ്ട്രം അടിച്ചേൽപ്പിക്കുന്നതിനെതിരെ എല്ലാ വിഭാഗം സ്ത്രീകളെയും ഒന്നിപ്പിക്കേണ്ടതിന്റെ അടിയന്തിര ആവശ്യകത ചൂണ്ടിക്കാട്ടുന്നു.
‘തൊഴിലില്ലായ്മയും സ്ത്രീകളും’ എന്ന വിഷയത്തെക്കുറിച്ചുള്ള ആറാമത്തെ പേപ്പർ, കോവിഡ് ലോക്ക്ഡൗൺ മൂലമുണ്ടായ തൊഴിൽനഷ്ടവും തൊഴിലുറപ്പ് പദ്ധതി ദുർബലപ്പെടുത്തുന്നതും ഊന്നിക്കൊണ്ടു രാജ്യത്തെ ഇപ്പോഴുള്ള തൊഴിലില്ലായ്മയുടെ അവസ്ഥ വിവരിക്കുന്നു.