അടിമാലി> ഇടുക്കി അടിമാലിയിൽ വഴിയിൽ കിടന്ന് കിട്ടിയ മദ്യംകുടിച്ച മൂന്ന് യുവാക്കൾ ഗുരുതരാവസ്ഥയിൽ. കീരിത്തോട് മടപറമ്പിൽ മനു (28), അടിമാലി പടായാട്ടിൽ കുഞ്ഞുമോൻ (40), അടിമാലി പുത്തൻപറമ്പിൽ അനു (38) എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്.
ഞായറാഴ്ച രാവിലെ മനുവിന് വഴിയിൽ കിടന്നു കിട്ടിയ മദ്യകുപ്പി കിട്ടി. ഇത് സുഹൃത്തുക്കളായ അനു, കുഞ്ഞുമോൻ എന്നിവർക്കൊപ്പമിരുന്ന് മദ്യപിച്ചു. ഇതേ തുടർന്ന് മൂവർക്കും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. ഇതിനിടയിൽ മനു രക്തം ശർദ്ദിച്ചതോടെയാണ് അടിയന്തരമായി അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുഞ്ഞുമോനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്ഥിതി ഗുരുതരമായതോടെ ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരാവസ്ഥയിലുള്ള മനുവിനെ ഐസിയുവിൽ പ്രവേശിപ്പിച്ചു. കുഞ്ഞുമോൻ നിരീക്ഷണത്തിലാണ്. എന്നാൽ വലിയ ശാരീരിക ബുദ്ധിമുട്ടുകൾ ഇല്ലാതിരുന്ന അനു ആശുപത്രിയിൽ എത്തിയിരുന്നില്ല. തുടർന്ന് സുഹൃത്തുക്കളും മറ്റും എത്തി അനുവിനെയും അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചതിനുശേഷം ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.