ശബരിമല > ഇത് വരെയുള്ളതിൽ വച്ച് ഏറ്റവും കൂടുതൽ തീർത്ഥാടക പങ്കാളിത്തമുള്ള മികച്ച മകരവിളക്കുത്സവമാണ് ഇക്കുറി നടക്കുകയെന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ പറഞ്ഞു. ശബരിമലയിലെ മകരവിളക്കുത്സവ ക്രമീകരണങ്ങൾ വിലയിരുത്തിയ പ്രത്യേക യോഗ ശേഷം ദേവസ്വം ഗസ്റ്റ് ഹൗസ് ഓഡിറ്റോറിയത്തിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെടിക്കെട്ട് നിരോധിക്കാൻ കോടതി പറഞ്ഞിട്ടില്ല. മാളികപ്പുറത്ത് വെടിക്കെട്ട് നടത്തുന്നില്ല. കൊപ്ര കളത്തിനടുത്തെ വഴിപാട് ആരംഭിക്കണമോ എന്നത് ആലോചിച്ച് തീരുമാനിക്കും. വെടിമരുന്ന് സൂക്ഷ്മതയില്ലാതെ കൈകാര്യം ചെയ്തതാണ് അപകടത്തിന് കാരണമായത്. അല്ലാതെ സുരക്ഷാ ക്രമീകരണത്തിൻ്റെ പ്രശ്നമല്ല.
മുന്നൊരുക്കങ്ങളും ക്രമീകരണങ്ങളും തൃപ്തികരമായാണ് മുന്നോട്ട് പോകുന്നത്. 11നാണ് അമ്പലപ്പുഴ ആലങ്ങാട്ട് സംഘങ്ങളുടെ പേട്ടതുള്ളൽ. രാവിലെ 11ന് അമ്പലപ്പുഴക്കാരും ശേഷം ആലങ്ങാട്ട്കാരും പേട്ടതുള്ളും. അവരുമായുള്ള ചർച്ചകളും പൂർത്തിയായി.
മകരജ്യോതി വ്യൂ പോയിൻ്റുകളിലെ സുരക്ഷ ഗൗരവമായാണ് കാണുന്നത്. ഹിൽ ടോപ്പിലെ ക്രമീകരണങ്ങൾ പൂർത്തിയായി. പാണ്ടിത്താവളത്ത് നിലമൊരുക്കൽ ഉൾപ്പെടെയുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. വിരിവെപ്പിടങ്ങളിൽ മേൽകൂര സ്ഥാപിച്ചു. കുടിവെള്ള വൈദ്യുതി വിതരണം നന്നായി നടക്കുന്നുണ്ട്. പ്രസാദ വിതരണത്തിലും അപാകതകളില്ല.
അന്നദാനത്തിൽ വിട്ടുവീഴ്ചയില്ല. ശബരിമല ദർശനത്തിനെത്തുന്ന, അന്നദാനത്തെ ആശ്രയിക്കുന്ന ഒരാൾക്ക് പോലും ഭക്ഷണം കിട്ടാത്ത സ്ഥിതിയുണ്ടാവില്ല. മകരവിളക്ക് ദിവസം ആൾ തിരക്കിനനുസരിച്ചുള്ള ക്രമീകരണങ്ങൾ അന്നദാന കാര്യത്തിൽ ഏർപ്പെടുത്തും.
നിത്യ കൂലിക്കാരായ ജീവനക്കാരുടെ വേതനത്തിൽ കലോചിതമായ മാറ്റം കൊണ്ടുവരും. മലയാളികളുടെ അഭിമാന തീർത്ഥാടന കേന്ദ്രമാണ് ശബരിമല. അതിനെ തകർക്കുന്ന തരം വാർത്തകൾ ചമയ്ക്കുന്നത് ശരിയല്ല. അയ്യപ്പഭക്തരിൽ നിരാശ നിറയ്ക്കുന്ന തരം നെഗറ്റീവ് വാർത്തകൾ ഗുണം ചെയ്യില്ല. ദേവസ്വം ബോർഡ് എക്സിക്യൂട്ടീവ് ഓഫീസർ എച്ച് കൃഷ്ണകുമാർ, അസി. എക്സി ഓഫീസർ എ രവികമാർ, പി ആർ ഒ സുനിൽ അരുമാനൂർ എന്നിവർ പങ്കെടുത്തു.