കൊച്ചി
വഴിയോരത്ത് കച്ചവടം നടത്തുന്നതിനിടെ പിടികൂടി ശിശുക്ഷേസമിതി (സിഡബ്ല്യുസി)യുടെ സംരക്ഷണത്തിലാക്കിയ രാജസ്ഥാൻകാരായ നാടോടിക്കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിടാൻ ഹൈക്കോടതി ഉത്തരവ്. എറണാകുളം മറൈൻഡ്രൈവിൽ ചെറിയ സാധാനങ്ങൾ വിൽക്കുന്നതിനിടെ പൊലീസ് പിടികൂടിയ ഏഴും ആറും വയസ്സുള്ള ആൺകുട്ടികളെ മാതാപിതാക്കൾക്ക് വിട്ടുനൽകാനാണ് ജസ്റ്റിസ് വി ജി അരുൺ ഉത്തരവിട്ടത്. കുട്ടികളെ വിട്ടുകിട്ടാൻ ഒരു രാജസ്ഥാൻകാരനും സഹോദരന്റെ ഭാര്യയും നൽകിയ ഹർജിയാണ് പരിഗണിച്ചത്.
ഇവർ ചെറിയ ജോലികൾ ചെയ്ത് ഡൽഹിയിലാണ് താമസിച്ചിരുന്നത്. ഏതാനും മാസങ്ങൾക്കുമുമ്പാണ് കേരളത്തിലെത്തിയത്. മാതാപിതാക്കളോടൊപ്പം മറൈൻഡ്രൈവ് ഭാഗത്ത് മാലയും വളയും പേനയും വിറ്റുകൊണ്ടിരുന്നപ്പോഴാണ് പൊലീസ് പിടികൂടിയത്. ശിശുക്ഷേമസമിതിയുടെ മുന്നിൽ ഹാജരാക്കിയ കുട്ടികളെ പള്ളുരുത്തിയിലെ സ്നേഹഭവനിലേക്ക് മാറ്റി. നവംബർമുതൽ സ്നേഹഭവനിൽ കഴിയുന്ന കുട്ടികളെ ആവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിക്കുകയായിരുന്നു. കുട്ടികളെ ഡൽഹിയിലെ സർക്കാർ ഹോമുകളിലേക്ക് അയക്കരുത്, ദിവസവും കുട്ടികളുമായി സംസാരിക്കാൻ രക്ഷിതാക്കൾക്ക് അവസരം നൽകണം തുടങ്ങിയ ഇടക്കാല ഉത്തരവുകൾ കോടതി പുറപ്പെടുവിച്ചിരുന്നു.
ബാലനീതി നിയമത്തിലെ രണ്ടാംവകുപ്പ് അനുസരിച്ച് കുട്ടികൾ പരിചരണവും സംരക്ഷണവും അർഹിക്കുന്നവരായതിനാലാണ് അവരെ മാതാപിതാക്കൾക്കൊപ്പം വിടാത്തതെന്ന് സിഡബ്ല്യുസി കോടതിയെ അറിയിച്ചു. എന്നാൽ, കുട്ടികൾ വളരേണ്ടത് അവരുടെ നാടിന്റെ സംസ്കാരം അറിഞ്ഞാകണമെന്ന് വിലയിരുത്തിയ സമിതി ഡൽഹിയിലെ ശിശുക്ഷേമസമിതിക്ക് കൈമാറാൻ തീരുമാനിച്ചു. എന്നാൽ, കുട്ടികളുടെ വിദ്യാഭ്യാസവും സംരക്ഷണവും ഉറപ്പുവരുത്തുമെന്ന മാതാപിതാക്കളുടെ ഉറപ്പിൽ കുട്ടികളെ കൈമാറാൻ കോടതി ഉത്തരവിടുകയായിരുന്നു.
ദാരിദ്ര്യം ഒരു കുറ്റമല്ലെന്ന് വ്യക്തമാക്കിയ കോടതി, ദാരിദ്ര്യമാണ് ഏറ്റവും നീചമായ ഹിംസയെന്ന രാഷ്ട്രപിതാവിന്റെ വാക്കുകളും വിധിയിൽ പരാമർശിച്ചു. മാതാപിതാക്കളെ സഹായിക്കാൻ ചെറിയ ജോലികൾ ചെയ്യുന്നത് ബാലവേലയാകുന്നതെങ്ങനെയെന്ന് മനസ്സിലാകുന്നില്ലെന്നും കോടതി പറഞ്ഞു. ബാലാവകാശ നിയമപ്രകാരമുള്ള തീരുമാനങ്ങൾ കുട്ടികളുടെ ക്ഷേമത്തിനുവേണ്ടിയായിരിക്കണം. കുട്ടികളെ മാതാപിതാക്കളിൽനിന്ന് അകറ്റി ക്ഷേമം ഉറപ്പാക്കാനാകില്ല. കുട്ടികൾക്ക് വിദ്യാഭ്യാസത്തിന് അവസരമൊരുക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. സ്കൂളിൽ പോകാതെ മാതാപിതാക്കളോടൊപ്പം റോഡിൽ അലഞ്ഞുതിരിയേണ്ടവരല്ല കുട്ടികളെന്നതിൽ സംശയമില്ലെങ്കിലും പൊലീസിനോ ശിശുക്ഷേമസമിതിക്കോ കുട്ടികളെ കസ്റ്റഡിയിലെടുക്കാനോ മാതാപിതാക്കളിൽനിന്ന് അകറ്റാനോ അധികാരമില്ല.ദരിദ്രനായിരിക്കുകയെന്നത് കുറ്റമല്ലെന്നും അത് ദയനീയമായൊരവസ്ഥയാണെന്നും കോടതി നിരീക്ഷിച്ചു.