കൊച്ചി
അത്യാഡംബര കാർ കമ്പനി ലംബോർഗിനിയുടെ സ്ഥാപകൻ ഫെറൂചിയോ ലംബോർഗിനിയുടെ മകൻ ടൊനിനോ ലംബോർഗിനി കേരളത്തിൽ നിക്ഷേപം നടത്തുന്നതിന്റെ ഭാഗമായി വിശദമായ തുടർചർച്ചകൾ നടത്തുമെന്ന് അറിയിച്ചു. വ്യവസായമന്ത്രി പി രാജീവുമായി നെടുമ്പാശേരിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആഡംബര ഫ്ലാറ്റുകൾ, പാർപ്പിട സമുച്ചയങ്ങൾ, ഹോട്ടലുകൾ ഉൾപ്പെടെയുള്ള മേഖലകളിൽ കേരളത്തിലെ നിക്ഷേപസാധ്യതകൾ പരിശോധിച്ചുവരികയാണ്. ഇറ്റലി ആസ്ഥാനമായ ‘ടൊനിനോ ലംബോർഗിനി ഗ്രൂപ്പി’ന്റെ സ്ഥാപകനും പ്രസിഡന്റുമാണ് ടൊനിനോ ലംബോർഗിനി.
ഗോൾഫ് കാർട്ട് പോലെയുള്ള വാഹനങ്ങളുടെ നിർമാണത്തിൽ കേരളത്തിന്റെ സാധ്യതകൾ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ആലോചിക്കുന്നുണ്ട്. ആഡംബര പെർഫ്യൂമുകൾ, മുന്തിയ ഇനം വിസ്കി, വൈൻ തുടങ്ങിയ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്ന കാര്യത്തിലും സഹകരണസാധ്യതകൾ തേടും. ആഡംബരവസ്തുക്കളുടെ വിപണിയിലേക്ക് കടക്കാൻ തയ്യാറുള്ള ശക്തരായ തദ്ദേശ ബ്രാൻഡുകളുമായി യോജിച്ച് പ്രവർത്തിക്കുന്ന കാര്യവും പരിഗണനയിലുള്ളതായി ലംബോർഗിനി, മന്ത്രിയെ അറിയിച്ചു. തങ്ങളുടെ ഉൽപ്പന്നങ്ങളുടെ അസംബ്ലിങ്ങിന് നികുതിയിളവുകൾ ലഭിച്ചാൽ അക്കാര്യം പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കേരളത്തിൽ നിക്ഷേപത്തിന് സർക്കാർ എല്ലാ പിന്തുണയും നൽകുമെന്ന് മന്ത്രി രാജീവ് പറഞ്ഞു. തുടർചർച്ചകളുടെ സമയം ഉടനെ തീരുമാനിക്കും.
മലയാളിയായ സുഹൃത്ത് ഉസ്മാൻ റഹ്മാനോടൊപ്പം അവധിക്കാലം ചെലവഴിക്കാൻ കേരളത്തിലെത്തിയ ടൊനിനോയും പങ്കാളി ഏഞ്ചല ക്രൈഗറും കേരളത്തിലെ നിക്ഷേപം സംബന്ധിച്ച് ചർച്ച നടത്താൻ തയ്യാറായത് സന്തോഷകരമാണെന്നും രാജീവ് പറഞ്ഞു. സംസ്ഥാനത്തിന്റെ ഉപഹാരമായി മന്ത്രി ആറന്മുളക്കണ്ണാടി ലംബോർഗിനിക്ക് സമ്മാനിച്ചു.
‘ടൊനിനോ ലംബോർഗിനി’ എന്ന ബ്രാൻഡിൽ മൊബൈൽഫോൺ, വാച്ച്, സൺഗ്ലാസ്, ലെതർ ഉൽപ്പന്നങ്ങൾ എന്നിവ കമ്പനി നിർമിക്കുന്നുണ്ട്. ഹോട്ടൽ, റിസോർട്ട്, റെസ്റ്റോറന്റ്, അപാർട്മെന്റ് ബിസിസസ് രംഗത്തും കമ്പനി പ്രശസ്ത ബ്രാൻഡാണ്. ഇറ്റലിക്കുപുറമെ യുഎഇ, സിംഗപൂർ, ബ്രസിൽ, ഈജിപ്ത്, തായ്ലൻഡ് എന്നിവിടങ്ങളിലും കമ്പനിക്ക് ശാഖകളുണ്ട്.