തിരുവനന്തപുരം
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ 13–-ാം ദേശീയ സമ്മേളനവേദിയിൽ ശനിയാഴ്ച അഞ്ച് പുസ്തകം പ്രകാശിപ്പിച്ചു. ചിന്ത പ്രസിദ്ധീകരിച്ച രണ്ട് പുസ്തകവും അസോസിയേഷൻ തയ്യാറാക്കിയ മൂന്ന് ലഘുലേഖയും 2023ലെ കലണ്ടറുമാണ് പ്രകാശിപ്പിച്ചത്.
അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പി കെ ശ്രീമതി എഴുതിയ “കേരളത്തെ നയിച്ച വനിതാ പോരാളികൾ’ ബൃന്ദ കാരാട്ട് പ്രകാശിപ്പിച്ചു. എം സി ജോസഫൈൻ എഴുതിയ “സ്ത്രീ-ലൈംഗികത-, സദാചാരം’ രണ്ടാം പതിപ്പ് സുഭാഷിണി അലി പ്രകാശിപ്പിച്ചു.
“അഖിലേന്ത്യാ മഹിളാ സംഘടന രൂപംകൊള്ളുന്നു: എഐഡിഡബ്ല്യുഎ ഒന്ന്, രണ്ട് ദേശീയ സമ്മേളന നടപടികൾ’ എന്ന ലഘുലേഖ മിനോഥി ചാറ്റർജി, ഛായ, വിമല എന്നിവർക്ക് നൽകി അർച്ചന പ്രസാദ് പ്രകാശിപ്പിച്ചു. “ഗുംനാം വീരാംഗ്നായേ (അറിയപ്പെടാത്ത പെൺ പോരാളികൾ)’ എന്ന പുസ്തകം ചന്ദ്രകല പാണ്ഡേ, മാലിനി ഭട്ടാചാര്യ എന്നിവർക്ക് നൽകി മഞ്ജീത് റാഥി പ്രകാശിപ്പിച്ചു. “സ്ത്രീധന- ബലാത്സംഗ നിയമ പരിഷ്കരണത്തിനായി നടത്തിയ ആദ്യകാല പോരാട്ടങ്ങൾ’ എന്ന പുസ്തകം പി സതീദേവി അഡ്വ. സുധയ്ക്കു നൽകി പ്രകാശിപ്പിച്ചു. ഡയറി ശർബാനി സർക്കാരിന് നൽകി മാലിനി ഭട്ടാചാര്യ പ്രകാശിപ്പിച്ചു.