തിരുവനന്തപുരം
മതത്തെ ഭരണകൂട ഭീകരത നടപ്പാക്കാനുള്ള ഉപകരണമായി അതിന്റെ വക്താക്കൾ അധഃപതിപ്പിക്കുന്നതായി സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ പതിമൂന്നാം ദേശീയ സമ്മേളനത്തിന്റെ ഭാഗമായി “ഭരണകൂട ഭീകരതയും ഇന്ത്യൻ വർത്തമാനകാലവും’ സെമിനാറിൽ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
ഫാസിസ്റ്റ് ശക്തികൾ മറ്റ് മതത്തിൽപ്പെട്ടവരെ കൊന്നൊടുക്കാൻ മതത്തെ വിദ്വേഷ പ്രചാരണത്തിനുള്ള ഉപകരണമാക്കുന്നു. ഇത് ഭരണകൂട ഭീകരതയുടെ അത്യന്തം നിന്ദ്യമായ സ്വഭാവമാണ്. ഭരണകൂട ഭീകരതയുടെ ഇരയാകുന്നവർക്ക് നീതി തേടിപ്പോകുന്നവരെപ്പോലും ജാമ്യമില്ലാ വകുപ്പ് ചേർത്ത് ജയിലിലടയ്ക്കുന്ന കാഴ്ചയാണ് രാജ്യത്തുള്ളത്.
അഞ്ചര ലക്ഷം സ്ത്രീ പുരുഷൻമാരാണ് രാജ്യത്തിന്റെ തടവറകളിലെ ഇരുട്ടിലാണ്ടിരിക്കുന്നത്. ഇവരിൽ മുക്കാൽ ഭാഗം ആളുകളും കുറ്റംചെയ്തവരല്ല, യുഎപിഎ ചുമത്തി കരുതൽ തടങ്കലിലാണ് അവരെ അടച്ചിരിക്കുന്നത്. മനുഷ്യത്വരഹിതവും കിരാതവുമായ ഇത്തരം നിയമങ്ങളാൽ അറസ്റ്റുചെയ്യപ്പെടുന്നവരിൽ ഒന്നുമുതൽ ആറ് ശതമാനം പേർ മാത്രമാണ് ശിക്ഷിക്കപ്പെടുന്നത്. മതേതരരാഷ്ട്രമായ ഇന്ത്യയുടെ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിതന്നെ ഒരു മതരാഷ്ട്ര സ്ഥാപനത്തിന് നേതൃത്വം നൽകുന്ന അത്യന്തം ഗുരുതരമായ അവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഇത് തിരിച്ചറിഞ്ഞ് ഇതിനെതിരെയുള്ള പ്രതികരണശേഷി വർധിപ്പിക്കുന്നതിൽ മഹിളാ അസോസിയേഷന് വലിയ ഉത്തരവാദിത്വം നിർവഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.